ട്വന്റി 20 പാർട്ടിയുമായും സാബു എം. ജേക്കബുമായും ഇടഞ്ഞ് പാർട്ടി വിടുകയും, അതിനു പിന്നാലെ തൃക്കാക്കരയിലെ പരാജയത്തിന്റേയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിക്കുന്നുവെന്ന് സൂചന നൽകുകയും ചെയ്ത സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാറുടെ ഫേസ്ബുക്ക് കുറിപ്പ് സജീവ ചർച്ചയാകുകയാണ്. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും താൻ നേരിട്ട കയ്പ്പേറിയ അനുഭവങ്ങളും നിരന്തരമായ ആരോപണങ്ങളും തുറന്നുപറഞ്ഞു കൊണ്ടാണ് അഖിൽ മാരാർ തൻ്റെ ഭാവി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നിലപാട് മാറ്റങ്ങളുടെ പേരിൽ നിരന്തരം വിമർശനങ്ങൾ നേരിടുന്ന മാരാരുടെ പുതിയ നീക്കമാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് കാരണം.
തൻ്റെ വാക്കുകൾ കൊണ്ടും നിലപാടുകൾ കൊണ്ടും പൊതുസമൂഹത്തിലും വിവിധ സംഘടനകളിലും ശത്രുക്കളെ സമ്പാദിക്കേണ്ടി വന്നതിനെക്കുറിച്ചാണ് അഖിൽ കുറിപ്പിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. തുറന്ന രാഷ്ട്രീയ നിലപാടുകളും അഭിപ്രായ പ്രകടനങ്ങളും തൻ്റെ വ്യക്തിജീവിതത്തിലും സിനിമാ കരിയറിലും നിരവധി തിരിച്ചടികളും വഞ്ചനകളുമാണ് ഉണ്ടാക്കിയതെന്നും പലപ്പോഴും തൻ്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നതും വലിയ തടസ്സങ്ങൾക്ക് കാരണമായെന്നും പറയുന്നു.
നടൻ ദിലീപുമായി ബന്ധപ്പെട്ട വിഷയമാണ് അക്കൂട്ടത്തിലെ ഏറ്റവും വിവാദപൂർണമായത്. ദിലീപിന്റെ ഭാഗത്ത് സത്യമുണ്ടെന്ന് വിശ്വസിച്ച് അദ്ദേഹത്തെ പരസ്യമായി പിന്തുണച്ചതിലൂടെ വലിയൊരു വിഭാഗം ജനങ്ങളുടെ വെറുപ്പ് താൻ സമ്പാദിച്ചു. എന്നാൽ, ദിലീപിന് വേണ്ടി മുൻപ് പല തവണ തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടുള്ള നടനും സംവിധായകനുമായ നാദിർഷ പോലും തൃക്കാക്കരയിൽ മത്സരിച്ചപ്പോൾ ഒരു ആശംസയെങ്കിലും അറിയിക്കാൻ തയ്യാറായില്ലെന്ന് അദ്ദേഹം വിഷമത്തോടെ പങ്കുവെക്കുന്നു. മാത്രമല്ല, പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ നാദിർഷയുടെ നടപടിയും തന്നെ ഏറെ ആഴത്തിൽ വേദനിപ്പിച്ചെന്ന് അദ്ദേഹം തുറന്നുസമ്മതിക്കുന്നു.
സാമൂഹിക-രാഷ്ട്രീയ എതിർപ്പുകളും കുറിപ്പിൽ തുറന്ന് പറയുന്നുണ്ട്. ഗായകൻ വേടന്റെ രാമനെക്കുറിച്ചുള്ള പ്രസ്താവനയെ ശക്തമായി എതിർത്തതോടെ ദളിത് സമൂഹത്തിന്റെ എതിർപ്പ് ക്ഷണിച്ചുവരുത്തി. കോൺഗ്രസിലായിരുന്ന കാലത്ത് ഭൂരിപക്ഷ വിഭാഗമായ NSS-നെ എതിർത്ത് KPMS-ന് വേണ്ടി സംസാരിച്ചതാണ് പാർട്ടിയിൽ നിന്നുള്ള പുറത്തുപോക്കിന് തുടക്കമിട്ടത്. പിന്നീട് എൽഡിഎഫ് സർക്കാരിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും പല ജനവിരുദ്ധ തീരുമാനങ്ങളെയും എതിർത്തതോടെ സർക്കാരിന്റെയും പാർട്ടിയുടെയും കണ്ണിലെ കരടായി താൻ മാറിയെന്നും അഖിൽ മാരാർ പറയുന്നു. സവർക്കറെ താൻ പിന്തുണയ്ക്കുന്നുണ്ടെന്നും ഗാന്ധിജിയോട് ഒരു ആരാധനയും തോന്നിയിട്ടില്ലെന്നും പരസ്യമായി പറഞ്ഞയാളാണ് അഖിൽ മാരാർ.
പിണറായിയെ വിമർശിച്ചപ്പോൾ തനിക്ക് കിട്ടിയ ജന പിന്തുണ കണ്ട കോൺഗ്രസ് അത് മുതലാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും മുൻപ് തള്ളിപ്പറഞ്ഞ കോൺഗ്രസ് നേതാക്കൾ തന്നെ പിന്നീട് പണം നൽകി പരിപാടികൾക്ക് വിളിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയ്ക്കിടെ വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയ ആഘോഷിച്ചതാണ്. താൽക്കാലിക നേട്ടങ്ങൾക്കും രാഷ്ട്രീയ ലാഭത്തിനും വേണ്ടി നിലപാടുകൾ മാറ്റുന്ന അഖിൽ മാരാർ, അതിനെ ന്യായീകരിക്കാൻ ഗാന്ധിജിയെ കൂട്ടുപിടിക്കുന്നത് ‘അശ്ലീലം’ ആണെന്നായിരുന്നു ചർച്ചയിലെ അവതാരകൻ തിരിച്ചടിച്ചത്. അതിന് പിന്നാലെയാണ് രാഷ്ട്രീയം തന്നെ വിടുകയാണെന്ന് പറഞ്ഞുള്ള ഫേസ്ബുക്ക് പോസ്റ്റ്.
ദിവസേന പല പ്രതിസന്ധികളും പറഞ്ഞ് സഹായ അഭ്യർത്ഥനയുമായി വിളിക്കുന്ന കൊട്ടാരക്കരയിലെ നാട്ടുകാർക്ക് എന്തെങ്കിലും ചെയ്തു നൽകണം എന്ന ആഗ്രഹത്താലാണ് അവിടുന്ന് മത്സരിക്കാൻ ചിന്തിച്ചത്. എന്നാൽ നിലവിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ആ ചിന്ത പൂർണ്ണമായും ഉപേക്ഷിക്കുകയാണെന്ന് അഖിൽ വ്യക്തമാക്കി.
സമകാലിക വിവാദങ്ങളും പുതിയ വെളിപ്പെടുത്തലുകളും കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്.
ട്വന്റി 20 പാർട്ടിയിൽ സാബു ജേക്കബ് തനിക്ക് കൊട്ടാരക്കരയിൽ സീറ്റ് വാഗ്ദാനം ചെയ്ത് പ്രചാരണം നടത്താൻ ആവശ്യപ്പെടുകയും, പിന്നീട് അവസാന നിമിഷം ചതിച്ച് തോൽക്കുന്ന സീറ്റായ തൃക്കാക്കരയിലേക്ക് മാറ്റുകയും ചെയ്തു എന്ന ഗുരുതരമായ ആരോപണം അഖിൽ മാരാർ ഉന്നയിച്ചിരുന്നു. പാർട്ടി തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി തൻ്റെ 20 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു ബൈക്ക് 10 ലക്ഷം രൂപയ്ക്ക് വിൽക്കേണ്ടി വന്നതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
മൂന്ന് വർഷമായി സംഘി വിളി കേൾക്കുന്ന തന്നെ, ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിലെ അമേരിക്കൻ ഇടപെടലിൽ മോദി സർക്കാരിന്റെ നിലപാടിനെ എതിർത്തതിന്റെ പേരിൽ ഭാരതീയ ന്യായ സംഹിത വകുപ്പ് 152 പ്രകാരം കേസ് എടുത്ത് ബിജെപി ക്രൂശിച്ചെന്നും ആരോപിക്കുന്നുണ്ട്. ബിജെപി വർഗീയത പറയുന്നുണ്ട് എന്നാണ് അഖിലിന്റെ ഇപ്പോഴത്തെ നിലപാട്. സമാന രീതിയിൽ തീവ്രമായ പ്രസ്താവനകൾ നടത്തിയ ജാൻ മണിയെപ്പോലുള്ള മറ്റ് യൂട്യൂബർമാർക്ക് വെറും സ്റ്റേഷൻ ജാമ്യം ലഭിച്ചപ്പോൾ, തനിക്കെതിരെ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുത്തത് വിവേചനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് തന്റെ വരുമാന സ്രോതസ്സുകൾ വെളിപ്പെടുത്തി അഖിൽ മാരാർ ഇട്ട സോഷ്യൽ മീഡിയ പോസ്റ്റും ചർച്ചയായിരുന്നതാണ്. കടം കയറി മുടിഞ്ഞപ്പോൾ പണമുണ്ടാക്കാനാണ് ബിഗ്ബോസിലേക്ക് പോയതെന്നും ഉദ്ഘാടനങ്ങൾക്ക് 5 ലക്ഷം വരേയും ഒരു ഇന്റർവ്യൂവിന് ഒരു ലക്ഷവും ഒക്കെ വാങ്ങുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. നാളിതുവരെ ഒരാളുടെ കൈയ്യിൽ നിന്നും കടംവാങ്ങിയിട്ടില്ല, നന്മമരം കളിക്കാൻ നിൽക്കുന്നില്ല, തന്റെ സത്യസന്ധത ഉൾക്കൊള്ളാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയുന്നില്ല പണത്തിന് വേണ്ടിയാണ് താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് ആളുകൾ പറഞ്ഞു പരത്തി തുടങ്ങിയ കാര്യങ്ങളായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. ഇപ്പോൾ വന്നിരിക്കുന്ന പുതിയ പോസ്റ്റും
ഇതിന്റെ ബാക്കിയാണെന്ന് കരുതുന്നവരുമുണ്ട്.
താൻ ഇന്നുവരെ ആരെയും ചതിച്ചിട്ടില്ലെന്നും നന്മമരം ചമയാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കുന്ന അഖിൽ മാരാർ, തൻ്റെ സത്യസന്ധത ഉൾക്കൊള്ളാൻ കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിപ്പാട്ടുകൾക്കും സാധിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നു. തൻ്റെ നിലപാടുകളിൽ മാറ്റം വരുത്തി എന്ന് തെളിയിച്ചാൽ പറയുന്ന പണി ചെയ്യാമെന്ന വെല്ലുവിളിയോടെ, ഇനി തൻ്റെ ശബ്ദം സ്വന്തം കുടുംബത്തിനും സ്വന്തം കാര്യങ്ങൾക്കും വേണ്ടി മാത്രമായി ഒതുക്കുകയാണെന്ന രാഷ്ട്രീയ നിരാശയുടെ ഒടുവിലത്തെ തീരുമാനത്തോടെയാണ് അഖിൽ മാരാർ തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പരാമർശങ്ങളിലൂടെ എന്നും വിവാദം സൃഷ്ടിക്കുന്ന സ്വഭാവക്കാരനാണ് അഖിൽ മാരാർ. പ്രസവത്തെക്കുറിച്ചുള്ള വിവാദ പരാമർശം അക്കൂട്ടത്തിലൊന്ന്. പ്രസവം സ്ത്രീകൾക്ക് എൻജോയ്മെൻ്റ് ആയിരുന്നുവെന്നും, ആധുനിക ഹോസ്പിറ്റലുകളും സമൂഹവും ഇതിനെ ഭയവും സങ്കീർണ്ണതകളും നിറഞ്ഞ പ്രക്രിയയാക്കി മാറ്റി എന്ന് അഖിൽ ഒരഭിമുഖത്തിൽ നടത്തിയ പ്രസ്താവന വലിയ രീതിയിലുള്ള സ്ത്രീവിരുദ്ധ വിമർശനം നേരിട്ടു. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള പ്രമുഖരും ഡോക്ടർമാരും ജനങ്ങളും അദ്ദേഹത്തിന്റെ ചിന്താഗതിക്കെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രസ്താവനകൾ മൂലം ട്രോളുകളിലും മറ്റും വലിയ രീതിയിൽ പരിഹാസം നേരിടേണ്ടി വന്നിരുന്നു.
ബിഗ്ബോസ് ഷോയിലായിരുന്ന കാലത്തും വിവാദങ്ങൾ യാതൊരു കുറവും ഉണ്ടായിരുന്നില്ല. ബിഗ് ബോസിൽ പോകുന്നതിനേക്കാൾ ഭേദം ലുലു മാളിൽ പോയി തുണി പൊക്കി കാണിക്കുന്നതാണ് എന്ന് പറയുകയും അവസരം കിട്ടിയപ്പോൾ നേരെ ബിഗ് ബോസിലേക്ക് പോകുകയും ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. അട്ടപ്പാടി മധുവിനെ പരാമർശിച്ചുകൊണ്ടുള്ള പരിഹാസങ്ങൾ, ഷോയിൽ വസ്ത്രം ഉയർത്തിക്കാണിച്ച പ്രവർത്തി, ഗാർഹിക പീഡനത്തെക്കുറിച്ചും ഭാര്യയെ തല്ലാറുണ്ടെന്നുമുള്ള സന്ദർഭമില്ലാത്ത നിസ്സാരവൽക്കരിച്ച സംസാരങ്ങൾ എന്നിവയെല്ലാം ബിഗ് ബോസ് സമയത്ത് വലിയ തോതിൽ പ്രേക്ഷകരുടെ അമർഷത്തിന് കാരണമായിട്ടുള്ളതാണ്.
എന്തായാലും കേരള രാഷ്ട്രീയത്തിൽ കനത്ത ചലനമൊന്നും ഉണ്ടാക്കാൻ പോകുന്നതല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ വിടവാങ്ങൾ പ്രഖ്യാപനമെങ്കിലും ഇതിന് പിന്നാലെ അദ്ദേഹം നടത്താനിരിക്കുന്ന മറ്റ് വെളിപ്പെടുത്തലുകൾ എന്തെല്ലാമാകും എന്ന ആകാംഷ രാഷ്ട്രീയ കേരളത്തിനുണ്ട്.


