ബത്തേരി: വടക്കനാട് പള്ളിവയൽ പണിയ ഉന്നതിയിലെ തങ്കി എന്ന തങ്കിമരത്തി (64)യുടെ തിരോധാനത്തിൽ അന്വേഷണം തുടരുന്നതിനിടെ കൊച്ചുമകൻ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളക്കെട്ട് ഉന്നതിയിലെ തങ്കിയുടെ മകൾ ശാന്തയുടെ മകൻ സുധീഷ് എന്ന മുരളി (29)യെയാണ് വീടിന് സമീപത്തെ തോട്ടത്തിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തങ്കിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് മുരളിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ യുവാവിനെ കാണാതായതായി കുടുംബം പറഞ്ഞു.
കഴിഞ്ഞ 30നാണ് തങ്കിയെ കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൊലീസ്, വനംവകുപ്പ്, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ തോട്ടങ്ങളിലും വനമേഖലയിലും വ്യാപക തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ തങ്കിയെ കണ്ടെത്താനായില്ല.
മുരളിയെ കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുമെന്ന് പിതാവ് രാജൻ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


