കാലമെത്ര കഴിഞ്ഞാലും ഒരു മാറ്റവുമില്ലാതെ തുടരുന്ന ഒന്നാണ് പിസി ജോർജ്. കൃത്യമായ ഇടവേളകളിൽ പുതിയ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ശീലം വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. പക്ഷേ ഇത്തവണ കാര്യങ്ങൾ കുറച്ചധികം സീരിയസാണ്, തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസിൽ ഇതിനോടകം വലിയ പ്രതിരോധത്തിലായി കിടക്കുന്ന സംസ്ഥാന ബിജെപിക്ക് വെള്ളിടി കൊടുത്ത പോലൊരു വെളിപ്പെടുത്തലും അതിന് പിന്നാലെ നടത്തിയ വിചിത്രമായ മലക്കംമറിച്ചിലുമൊക്കെയാണ് ഇന്ന് കേരളത്തിലെ ചാനലുകൾ ആഘോഷിക്കുന്നത്. ബിജെപി ഫണ്ട് വിനിയോഗത്തിൽ ഗുരുതര വെളിപ്പെടുത്തലാണ് ബിജെപി നേതാവ് കൂടിയായ പി സി ജോർജ്ജ് നടത്തിയത്.
പൂഞ്ഞാർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടിൽ വലിയ തട്ടിപ്പ് നടന്നെന്നാണ് പി സി ജോർജിന്റെ വെളിപ്പെടുത്തൽ. പ്രചരണത്തിനായി നാല് കോടി 45 ലക്ഷം രൂപ ചെലവായെന്ന കണക്കാണ് തനിക്ക് തന്നതെന്നും എന്നാൽ ലിസ്റ്റിൽ പേരുള്ള പലരേയും വിളിച്ചു ചോദിച്ചപ്പോൾ അവർ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമായെന്നും ബിജെപി യോഗത്തിനിടെ പിസി ജോർജ് പറഞ്ഞത് രാവിലെ മാധ്യമങ്ങളിൽ ബ്രേക്കിങ് ആയി വന്നു. അതോടെ സംഭവം കേറി കൊളുത്തി. എ ക്ലാസ് മണ്ഡലം അല്ലാതിരുന്നിട്ട് കൂടി നാലര കോടിയോളം ഒഴുക്കിയെങ്കിൽ, കേരളം മൊത്തമുള്ള കണക്ക് എത്രയാകും എന്ന ചോദ്യം ഉയർന്നു.
പ്രസംഗം വൻ വിവാദമായതിന് പിന്നാലെ നിലപാട് പൂർണ്ണമായും തിരുത്തി മലക്കംമറിഞ്ഞ് പി.സി. ജോർജ് രംഗത്തെത്തുകയായിരുന്നു. ആരും ഒരു പൈസ പോലും തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് മോഷ്ടിച്ചിട്ടില്ലെന്നും തെറ്റായ വിവരങ്ങൾ നൽകി ചിലർ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നുമുള്ള മലക്കംമറിച്ചിലിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തം. വെളിപ്പെടുത്തൽ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ബി.ജെ.പി വിടുന്ന പ്രശ്‌നമേയില്ലെന്ന് വ്യക്തമാക്കിയ ജോർജ്, പാർട്ടി വിടുമെന്ന തരത്തിലുള്ള പ്രചാരണങ്ങളെ രൂക്ഷമായ ഭാഷയിലാണ് തള്ളിക്കളഞ്ഞത്. ‘എരുമേലിയിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും തെറ്റിദ്ധാരണ മൂലമാണ്. ഒരു നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് ചെലവഴിക്കാനാകുക 40 ലക്ഷം രൂപ മാത്രമാണ്. എനിക്ക് അത്രപോലും ചെലവായിട്ടില്ല. എരുമേലിയിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ തെറ്റാണ്, അതിൽ ഞാൻ പരസ്യമായി ക്ഷമ ചോദിക്കുന്നു,’ പി.സി. ജോർജ് പറഞ്ഞു.
ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങളെ പൂർണ്ണമായും തള്ളിയ ജോർജ് തന്റെ തനതായ ശൈലിയിലാണ് പ്രതികരിച്ചത്. ‘ബി.ജെ.പി വിടുന്ന പ്രശ്‌നം ഉദിക്കുന്നേയില്ല. തനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദി തന്നെയാണ്. നിലപാട് മാറ്റുന്ന പ്രശ്‌നമില്ല,’ എന്ന് അദ്ദേഹം ആവർത്തിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ താൻ തോൽക്കാൻ കാരണം പാർട്ടി ഫണ്ടിലെ തട്ടിപ്പല്ലെന്നും മറിച്ച് ക്രിസ്ത്യൻ സമുദായം ഒറ്റക്കെട്ടായി യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതാണെന്നും ജോർജ് വിശദീകരിച്ചു. മുസ്‌ലിം തീവ്രവാദികൾ രണ്ട് പ്രാവശ്യം തന്നെ കൊല്ലാൻ വന്നപ്പോൾ രക്ഷിച്ചത് ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്നും ആ സ്നേഹം കാണിക്കുമെന്നും വീണ്ടും ആവർത്തിച്ച പിസി, മോദിയാണ് ഒറ്റ തന്തയെന്ന് പറഞ്ഞതിലും ഉറച്ച് നിൽക്കുകയാണ്.
കഴിഞ്ഞ ജൂലൈ 18-ന് എരുമേലിയിൽ വെച്ച് നടന്ന ‘ദീൻദയാൽ’ ബി.ജെ.പി ലീഡർഷിപ്പ് ക്യാമ്പിൽ പി.സി. ജോർജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പാർട്ടി ക്യാമ്പിലും പൊതുസമൂഹത്തിലും വൻ വിവാദം ഉടലെടുത്തത്. വൃത്തികെട്ടവൻമാരാണ് പാർട്ടിയിലുള്ളത്. പലരും കാറ് വാങ്ങുന്നു. ബിജെപിയുടെ കാശ് കൊണ്ട് കാർ എടുത്താൽ ഇടിക്കുകയേ ഉള്ളൂ. മോഷ്ടിച്ചവനെയൊന്നും വെറുതെ വിടില്ല. പ്രാകുന്നത് ഞാനാണെന്നുമെല്ലാം വീഡിയോയിൽ പറയുന്നത് വ്യക്തമായി കേൾക്കാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാലരക്കോടിയോളം രൂപ പാർട്ടി ചെലവാക്കിയെന്നും ബൂത്തുകളിലേക്ക് നൽകേണ്ട പണമാണ് ഇതിനെല്ലാം ഉപയോഗിച്ചതെന്നായിരുന്നു ജോർജിന്റെ പ്രധാന ആരോപണം. ആകെ മൊത്തം തട്ടിപ്പിന്റെ കഥകളാണ് ബിജെപിയിൽ നിന്ന് പുറത്ത് വരുന്നത്. വെട്ടിലായ നേതൃത്വം കർശനമായി ഇടപ്പെട്ടെന്ന് വ്യക്തം. വീഡിയോ ലീക്കായി പാർട്ടി സംസ്ഥാന നേതൃത്വവും അണികളും കടുത്ത അമർഷം രേഖപ്പെടുത്തിയതോടെയാണ് ജോർജ് മുൻ നിലപാടിൽ നിന്ന് പിന്നാക്കം പോയത്.
നേരത്തെ സാമ്പത്തിക തട്ടിപ്പിന്റെ പ്രധാന ഉത്തരവാദിയായി ജോർജ് ചൂണ്ടിക്കാണിച്ച ബി.ജെ.പി മധ്യമേഖലാ ഭാരവാഹി സജി കുര്യക്കാടിന് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതും ശ്രദ്ധേയമാണ്. സജി കുരിക്കാട് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിച്ച മാന്യനായ അധ്യാപകനാണെന്നും അഞ്ച് പൈസ പോലും മോഷ്ടിക്കുന്ന ആളല്ലെന്നും തെരഞ്ഞെടുപ്പ് ഫണ്ട് തികച്ചും സുതാര്യമായാണ് വിനിയോഗിച്ചതെന്നുമെല്ലാം പറഞ്ഞ് തടിതപ്പാൻ നോക്കുന്നുണ്ട്. പക്ഷേ, പാർട്ടി കമ്മിറ്റിയിൽ സംസാരിച്ചത് ചാനലുകാർക്ക് പാർട്ടിക്കാർ തന്നെ ചോർത്തി കൊടുത്തോ എന്ന ഒരു ആരോപണം ഇപ്പോഴും അദ്ദേഹം പിൻവലിച്ചിട്ടില്ല.
പുറത്തുവന്ന വീഡിയോയിൽ പൂഞ്ഞാർ മണ്ഡലത്തിലെ ബി.ജെ.പി നേതാക്കൾക്കെതിരെ കടുത്ത ഭാഷയിലായിരുന്നു ജോർജിന്റെ ആക്രമണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‌കർഷിച്ച 40 ലക്ഷത്തിന്റെ സ്ഥാനത്ത് 4.45 കോടി രൂപ ചെലവായി എന്ന കണക്കാണ് പാർട്ടി ഭാരവാഹികൾ തനിക്ക് നൽകിയതെന്നും, പട്ടികയിലുള്ള പല പ്രാദേശിക നേതാക്കളോടും ചോദിച്ചപ്പോൾ അവർക്ക് പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞതായുമായിരുന്നു ജോർജ് അന്ന് വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ബിഷപ്പുമാരടക്കം ക്രിസ്ത്യാനികളെല്ലാം ബിജെപ്പിക്കെതിരെ നിന്നതു കൊണ്ട് മാത്രമാണ് താൻ തോറ്റതെന്നാണ് പിസി ജോർജ് വിശ്വസിക്കുന്നത്.
ഒരു ബൂത്തിൽ 31,000 രൂപ വീതം നൽകാൻ ശക്തമായ നിർദ്ദേശമുണ്ടായിരുന്നിട്ടും ആ പണം താഴെത്തട്ടിൽ എത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താൻ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ മൂവായിരം വോട്ട് ലീഡ് നേടിയിരുന്ന ഒരു പഞ്ചായത്തിലെ ബൂത്തിൽ 50-ൽ താഴെ വോട്ട് കണ്ടപ്പോൾ ബൂത്ത് പ്രസിഡന്റിനെ വിളിപ്പിച്ചു ചോദിച്ചെന്നും 31,000 രൂപ കിട്ടിയിട്ടില്ലെന്നാണ് അയാൾ പറഞ്ഞതെന്നും ജോർജ് വെളിപ്പെടുത്തി. പണം കൊടുക്കാൻ ചുമതലപ്പെടുത്തിയ ആളോട് ചോദിച്ചപ്പോൾ മറന്നുപോയെന്നാണ് പറഞ്ഞത്. 33 വർഷം എംഎൽഎ ആയിരുന്നിട്ടും താൻ ആരോടും അഞ്ചു പൈസ വാങ്ങിയിട്ടില്ലെന്നും അഴിമതിയില്ലാത്ത ജീവിതമാണ് നയിക്കുന്നതെന്നും പറഞ്ഞ ജോർജ്, ഫണ്ട് മോഷ്ടിച്ച ബിജെപി നേതാക്കളെ നല്ല രീതിയിൽ ശപിക്കുകയും ചെയ്യുന്നുണ്ട്.
പാർട്ടി ഫണ്ട് തട്ടിയെടുത്ത് വാങ്ങിയ കാർ ഇടിച്ചു പോകുമെന്നും ദൈവം തമ്പുരാൻ വിടില്ലെന്നുമുള്ള ജോർജിന്റെ ശപിക്കൽ പ്രസംഗം ബി.ജെ.പിക്ക് വൻ തലവേദനയാണ് ഉണ്ടാക്കിയത്. സജി കുര്യക്കാട്ടാണ് മുഴുവൻ തുകയും കൈകാര്യം ചെയ്തതെന്നും അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് ഇത് നടന്നതെന്നും പേരെടുത്ത് പറഞ്ഞതുകൊണ്ടുതന്നെ പാർട്ടിയിൽ വലിയ ചേരിതിരിവിനും ഇത് കാരണമായിരുന്നു. തിരുത്തൽ കൊണ്ട് അദ്ദേഹം പറഞ്ഞതിന്റെ കോളിളക്കം ഇല്ലാതാകില്ല എന്ന് ബിജെപിക്ക് വ്യക്തമായി അറിയാം. സംസ്ഥാന നേതൃത്വത്തിനുള്ളിൽ തന്നെ വലിയ രീതിയിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കെ, ഈയൊരു വെളിപ്പെടുത്തൽ ഇനി എന്തെല്ലാം പുകിലുകളാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. ഫണ്ട് തട്ടിപ്പ് സംസ്ഥാനത്താകമാനം പാർട്ടിയെ വെട്ടിലാക്കിയിരിക്കുന്ന വിഷയമാണ്. പിസി ജോർജിനെ സംബന്ധിച്ച്, സംസ്ഥാന രാഷ്ട്രീയത്തിൽ ഇതിനോടകം പ്രസക്തി നഷ്ടപ്പെട്ടിരിക്കെ, ഇനി ബിജെപി കൂടി കൈവിട്ടാൽ എവിടെ പോകും എന്നതും ഒരു ആശങ്കയാണ്. അതുകൊണ്ട് തന്നെയാണ് ഈ മലക്കംമറിച്ചിൽ.
ചോദ്യങ്ങൾ ഇവിടെ അവസാനിക്കുന്നില്ല, നേതാക്കൾ മുക്കിയെന്ന് പിസി ജോർജ് പറയുന്ന ആ പണത്തിന്റെ ഉറവിടം ഏതാണ്? പാർട്ടി മീറ്റിങ്ങിലെ പ്രസംഗം വീഡിയോ എടുത്ത് പുറത്ത് വിട്ടത് ആരാണ്? ഈയൊരു തിരഞ്ഞെടുപ്പിൽ മാത്രമാണോ ഇങ്ങനെ പണം ഒഴുകിയത്? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്ക് സംസ്ഥാന നേതൃത്വം ഇനി മറുപടി പറയണം. ഒന്നും രണ്ടുമല്ല, നാലര കോടിയോളം രൂപയാണ് ഇങ്ങനെ ഒഴുകിയെന്ന് വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ വോട്ടിന് നോട്ട് വിവാദം ശോഭ സുരേന്ദ്രനെതിരെ ഉയർന്നത് ഈ ഘട്ടത്തിൽ മറന്നുകൂടാ. അന്വേഷിച്ച് പോയാൽ ഒരുപക്ഷേ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഞെട്ടിക്കുന്ന കള്ളപ്പണ ഇടപാടുകളിലേക്ക് കാര്യങ്ങൾ എത്തിയേക്കാം.


