വാരാണസി: വാരാണസിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. സംഭവത്തിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം.
മുംബൈയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ IX1810 വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ഉത്തർപ്രദേശിലെ അസംഘഡ് സ്വദേശിയായ കമലേഷ് റായിയുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടിയുതിർത്തത്.
വിമാനത്തിൽ യാത്ര ചെയ്യുന്നതിന് മുമ്പ് തോക്കും വെടിയുണ്ടകളും സുരക്ഷാ വിഭാഗത്തിന് മുന്നിൽ കാണിച്ച് പരിശോധന നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. AAICLAS വിഭാഗത്തിലെ വനിതാ സുരക്ഷാ ജീവനക്കാരിയുടെ കാലിലും മറ്റൊരു ജീവനക്കാരന്റെ വിരലിലുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ സമീപത്തെ ന്യൂ ലക്ഷ്മി ട്രോമ സെന്റർ എന്ന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി പരിശോധന നടത്തി. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വാരാണസി പൊലീസ് അറിയിച്ചു.
ലൈസൻസുള്ള തോക്കുകൾ വിമാനത്തിൽ കൊണ്ടുപോകുന്നതിന് കർശനമായ ചട്ടങ്ങളുണ്ട്. വെടിയുണ്ടകൾ മാറ്റി ആയുധം പ്രത്യേകം ലോക്ക് ചെയ്ത പെട്ടിയിൽ സൂക്ഷിക്കുകയും വിമാനത്താവള അധികൃതരെ മുൻകൂട്ടി അറിയിക്കുകയും ആവശ്യമായ രേഖകൾ ഹാജരാക്കുകയും വേണം. സുരക്ഷാ പരിശോധനയ്ക്കിടെ തോക്കിൽ നിന്ന് വെടിപൊട്ടാനിടയായത് എങ്ങനെയെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.


