ന്യൂഡൽഹി: ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടം. ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷയിൽ ഇരുടീമുകളും തുല്യ ദുഃഖിതരാണ്. ഒൻപത് കളിയിൽ എട്ട് പോയിന്‍റ് വീതമാണ് ചെന്നൈക്കും ഡല്‍ഹിക്കുമുള്ളത്. നാല് ജയം, അഞ്ച് തോൽവി. റൺനിരക്കിൽ ചെന്നൈ ആറും ഡൽഹി ഏഴും സ്ഥാനത്ത്. കെ എൽ രാഹുൽ പാതും നിസങ്ക ഓപ്പണിംഗ് ജോഡി ഫോമിലേക്ക് എത്തിയതിനൊപ്പം ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് പന്തെറിയാൻ തുടങ്ങിയതും ഡൽഹിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് റണ്ണടിക്കാൻ തുടങ്ങിയതോടെ ചെന്നൈ സൂപ്പർ കിംഗ്സിൽ സഞ്ജു സാംസണിന്‍റെ സമ്മർദം കുറയും. കഴിഞ്ഞ തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സഞ്ജു 115 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇത്തവണയും സഞ്ജു ഡൽഹി ബോളർമാരെ ബൗണ്ടറി കടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ശിവം ദുബേയുടെ കൂറ്റൻ ഷോട്ടുകൾ സ്കോർ ബോർഡിൽ നിർണായകമാകും. ഇരുടീമും നേർക്കുനേർ വരുന്ന മുപ്പത്തിമൂന്നാമത്തെ മത്സരം. ചെന്നൈ ഇരുപതിലും ഡൽഹി പന്ത്രണ്ടിലും ജയിച്ചു.
ഡൽഹിയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. അതേസമയം, ഇന്നും ചെന്നൈ ടീമിൽ തല ധോണി ഉണ്ടാകില്ല. സീസണില്‍ ഇതുവരെ ഒരു മത്സരത്തിൽ പോലും ധോണി കളിച്ചിട്ടില്ല. സീസൺ അവസാനിക്കും മുൻപ് ധോണി ടീമിലെത്തുമെന്നാണ് സി എസ് കെ മാനേജ്മെന്‍റ് പറയുന്നത്. അഞ്ച് മത്സരങ്ങളാണ് സി എസ് കെയ്ക്ക് ഇനി ശേഷിക്കുന്നത്.






