കാസർകോട്: തൃക്കരിപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 180 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ 100 പേർ യുഡിഎഫ് പ്രവർത്തകരും 80 പേർ സിപിഎം പ്രവർത്തകരുമാണെന്ന് പോലീസ് അറിയിച്ചു.
റോഡ് ഷോ പടന്ന കടപ്പുറം പ്രദേശത്തെത്തിയപ്പോൾ റോഡ് തടസ്സപ്പെടുത്തിയതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷമായി മാറുകയായിരുന്നു. തുടർന്ന് ഇരുവിഭാഗവും കല്ലേറ് നടത്തുകയും സമീപത്തെ സിപിഎം ഓഫീസ് ആക്രമിക്കപ്പെടുകയും ചെയ്തു.
സ്ഥിതി നിയന്ത്രിക്കാൻ പോലീസ് ലാത്തി ചാർജ് നടത്തി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. സംഭവത്തിൽ കല്ലേറും പോലീസ് ലാത്തി ചാർജും മൂലം നിരവധി പേർക്ക് പരിക്കേറ്റു. പ്രദേശത്ത് വീണ്ടും സംഘർഷം ഉണ്ടാകാതിരിക്കാൻ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ, പടന്നക്കടപ്പുറത്തെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ആയ പി.പി. ദാമോദരൻ സ്മാരക മന്ദിരം തകർത്തതായും പരാതി ഉയർന്നിട്ടുണ്ട്. യുഡിഎഫ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. സംഘർഷത്തിൽ എൽഡിഎഫ് പ്രവർത്തകരായ പി.വി. മധു, പി.കെ. കുഞ്ഞികൃഷ്ണൻ, എ.വി. സുനിത, എ.വി. ശ്രീരാഗ്, സി. ശ്രീരാഗ്, ടി. ശരത് എന്നിവർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.




