മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം മൂന്നാം ഭാഗവുമായി വീണ്ടും എത്തുന്നു. ദൃശ്യം 3 മെയ് 21ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. എന്നാൽ ആദ്യ പ്രദർശനം കേരളത്തിൽ അല്ല; മെയ് 20ന് യുഎസിൽ വൈകിട്ട് 7:30നാണ് വേൾഡ് പ്രീമിയർ നടക്കുക എന്നാണ് റിപ്പോർട്ട്.
ഫ്രാഞ്ചൈസിയിലെ കേന്ദ്ര കഥാപാത്രങ്ങളായ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയും മലയാളി പ്രേക്ഷകർക്ക് ഏറെ അടുത്തവരാണ്. കുടുംബത്തെ രക്ഷിക്കാൻ എന്ത് വിലകൊടുത്തും മുന്നോട്ട് പോകുന്ന ജോർജുകുട്ടിയുടെ ആത്മസംഘർഷങ്ങളാണ് മൂന്നാം ഭാഗത്തിലും കഥയെ നയിക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങളോടെയാണ് സംവിധായകൻ ജീത്തു ജോസഫ് ജോർജുകുട്ടിയെയും കുടുംബത്തെയും വീണ്ടും അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ വൻ വിപണിമൂല്യം കണക്കിലെടുത്ത് ബോളിവുഡിലെ പ്രമുഖ സ്റ്റുഡിയോകളും ആശിർവാദ് സിനിമാസിനൊപ്പം പങ്കാളികളായിട്ടുണ്ട്. ഹിന്ദി പതിപ്പിന്റെ നിർമാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം പതിപ്പിന്റെ ആഗോള തിയേറ്റ്രിക്കൽ, ഡിജിറ്റൽ റൈറ്റുകൾ സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ പെൻ സ്റ്റുഡിയോസും വൻ നിക്ഷേപവുമായി രംഗത്തെത്തുന്നുണ്ട്.
അതേസമയം, വലിയ പ്രതീക്ഷകളില്ലാതെ സിനിമ കാണാനാണ് ജീത്തു ജോസഫ് പ്രേക്ഷകരോട് അഭ്യർത്ഥിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളുമായി താരതമ്യം ചെയ്യാതെ, മുൻവിധികളില്ലാതെ ചിത്രം ആസ്വദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജഗപൊഗയുള്ള ഒരു ത്രില്ലറല്ല, മറിച്ച് ജോർജുകുട്ടിയുടെ വികാരങ്ങളിലൂടെ മുന്നേറുന്ന ഒരു സിനിമയായിരിക്കും മൂന്നാം ഭാഗമെന്നും അദ്ദേഹം വ്യക്തമാക്കി.




