തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് രണ്ടാം ദിവസവും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കാതെ തുടരുന്നു. വോട്ടെണ്ണൽ ദിവസം കണ്ണൂരിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി. എൽഡിഎഫിന്റെ തോൽവിക്കു ശേഷം മാധ്യമങ്ങളെ കാണാനിരുന്ന പദ്ധതി അദ്ദേഹം ഉപേക്ഷിച്ചു. പിന്നീട് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച കണ്ണൂരിൽ നിന്ന് കുടുംബത്തോടൊപ്പം തിരുവനന്തപുരത്തേക്ക് വിമാനത്തിൽ എത്തിയപ്പോഴും മാധ്യമങ്ങൾ കാത്തുനിന്നിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ഉപതിരഞ്ഞെടുപ്പ് തൃക്കാക്കരയിലായിരുന്നു. 99 സീറ്റുകളുമായി എൽഡിഎഫ് വലിയ വിജയം നേടുമെന്ന് പ്രചാരണം നടന്നിരുന്നു. എന്നാൽ യുഡിഎഫ് വിജയിച്ചപ്പോൾ അതിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും പരാജയം ഉണ്ടായപ്പോഴും അദ്ദേഹം മിണ്ടാതെയായിരുന്നു. ലോക്സഭയും തദ്ദേശ തിരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ടപ്പോൾ മാത്രം പരാജയം പരിശോധിക്കുമെന്ന് പറഞ്ഞിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നേതൃത്വത്തിലാണ് എൽഡിഎഫ് പ്രചാരണം നടത്തിയത്. തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിച്ച ശേഷം പ്രതികരണം ഉണ്ടാകുമെന്നാണ് അടുത്തവരിൽ നിന്ന് ലഭിക്കുന്ന വിവരം. ബുധനാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കുകയാണ്.




