ന്യൂഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ദില്ലിയിൽ എത്തി രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും കണ്ടു. കേരളത്തിൽ പാർട്ടി നേടിയ വലിയ വിജയത്തിൽ രാഹുൽ ഗാന്ധി അഭിനന്ദിച്ചതായും, താൻ സന്തോഷവാനാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള അന്തിമ തീരുമാനം ശരിയായ സമയത്ത് ഹൈക്കമാൻഡ് എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട യോഗത്തിനായാണ് അദ്ദേഹം ദില്ലിയിലെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നതിനിടെ ദില്ലിയിലെത്തിയ ചെന്നിത്തലയ്ക്ക് ഇന്ന് കേരള ഹൗസിൽ അനുയായികൾ സ്വീകരണം നൽകി. സാധാരണയായി പുതിയ എഐസിസി ആസ്ഥാനം ആയ ഇന്ദിരാഭവനിൽ നടക്കുന്ന യോഗം, സോണിയ ഗാന്ധിയുടെ വസതിയിലാക്കിയതോടെ ഹൈക്കമാൻഡ് നേതാക്കളുമായി നേരിട്ട് സംസാരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു.
മല്ലികാർജുൻ ഖർഗെയുമായി അടുത്ത ബന്ധമുള്ള ചെന്നിത്തലയ്ക്ക് ഒത്തുതീർപ്പ് ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തിന് സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് അനുയായികൾ. സോണിയ ഗാന്ധിയും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. എന്നാൽ സംഘടനാപരമായ ആവശ്യങ്ങൾ കണക്കിലെടുത്ത് കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വിഭാഗവും ശക്തമാണ്. അതേസമയം പൊതുവികാരം വി ഡി സതീശന് അനുകൂലമാണെന്ന നിലപാട് സ്വീകരിച്ചിരിക്കുന്ന മുസ്ലിം ലീഗിന്റെ അഭിപ്രായവും, രാഹുൽ ഗാന്ധിയോടുള്ള അവരുടെ നിർദേശങ്ങളും അന്തിമ തീരുമാനത്തിൽ നിർണായകമാകും.




