പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതോടെ, കോൺഗ്രസ് നേതാവ് വി.ടി. ബൽറാം മാസങ്ങൾക്ക് മുൻപിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയാകുന്നു. ജനുവരി ഏഴിന് ബൽറാം പങ്കുവെച്ച ’98 68 91 99 35′ എന്ന പത്തക്ക നമ്പർ എൽഡിഎഫിന്റെ തകർച്ചയെ കൃത്യമായി പ്രവചിക്കുന്നതായിരുന്നു എന്നതാണ് ഇപ്പോൾ അണികളെ അമ്പരപ്പിക്കുന്നത്.
‘തത്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിന്റെ മാന്ത്രിക സംഖ്യയും’ എന്ന കുറിപ്പോടെയായിരുന്നു ബൽറാം അന്ന് ഈ സംഖ്യകൾ ഫേസ്ബുക്കിൽ കുറിച്ചത്. സിപിഎം നേതാവ് എം.എം. മണി എൽഡിഎഫിന്റെ മുൻകാലങ്ങളിലെ സീറ്റ് നിലയായ 98, 68, 91, 99 എന്നിവ പങ്കുവെച്ചുകൊണ്ട് നടത്തിയ പോസ്റ്റിനുള്ള മറുപടിയായാണ് ബൽറാം ഇതിനൊപ്പം ’35’ എന്ന സംഖ്യ കൂടി കൂട്ടിച്ചേർത്തത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വെറും 35 സീറ്റിൽ ഒതുങ്ങിയതോടെ ബൽറാമിന്റെ പ്രവചനം അക്ഷരാർത്ഥത്തിൽ സത്യമായി മാറിയിരിക്കുകയാണ്.
അന്ന് ഈ പോസ്റ്റിന് താഴെ ഇടത് അനുകൂലികൾ വലിയ തോതിൽ പരിഹാസവും വിമർശനവുമായി എത്തിയിരുന്നെങ്കിലും ഫലം വന്നതോടെ ബൽറാമിന്റെ ദീർഘവീക്ഷണത്തെ പ്രശംസിക്കുകയാണ് യുഡിഎഫ് പ്രവർത്തകർ. എൽഡിഎഫിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം ഇത്ര കൃത്യമായി എങ്ങനെ പ്രവചിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും അത്ഭുതപ്പെടുന്നത്. ആകെയുള്ള 140 സീറ്റുകളിൽ 102 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ, കോൺഗ്രസ് ഒറ്റയ്ക്ക് 63 സീറ്റുകളും മുസ്ലിം ലീഗ് 22 സീറ്റുകളും സ്വന്തമാക്കി. 13 മന്ത്രിമാരാണ് എൽഡിഎഫ് നിരയിൽ പരാജയമേറ്റുവാങ്ങിയത്. തൃത്താലയിൽ സിറ്റിംഗ് എംഎൽഎയും മുൻ സ്പീക്കറുമായ എം.ബി. രാജേഷിനെ 8,385 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറിച്ചാണ് വി.ടി. ബൽറാം നിയമസഭയിലേക്ക് വീണ്ടും പ്രവേശിക്കുന്നത്. ബൽറാം 76,427 വോട്ടുകൾ നേടിയപ്പോൾ എം.ബി. രാജേഷിന് 68,042 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തൃത്താലയിലെ വിജയത്തിനൊപ്പം തന്റെ പ്രവചനം കൂടി സത്യമായത് ബൽറാമിനും യുഡിഎഫിനും ഇരട്ടി മധുരമായി.






