മലപ്പുറം: കിണർ വൃത്തിയാക്കുന്നതിനിടെ കയറുപൊട്ടി കിണറ്റിലേക്കു വീണ തൊഴിലാളിയെ പെരിന്തൽമണ്ണ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 11ഓടെ പുലാമന്തോൾ ചേലാർക്കുന്നിലാണ് സംഭവം.
സൈനുദ്ദീൻ എന്നയാളുടെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ചന്ദ്രൻ കയറുപൊട്ടിയതിനെ തുടർന്ന് ഏകദേശം 20 അടി ആഴമുള്ള കിണറ്റിലേക്കു വീണു. കിണറ്റിനുള്ളിലെ പാറയിൽ ഇടിച്ചുവീണതിനാൽ അദ്ദേഹത്തിന് നട്ടെല്ലിന് പരിക്കേറ്റു.
സംഭവത്തെ തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ കെ.ടി. രാജേഷ്, എം. കിഷോർ എന്നിവർ കിണറ്റിൽ ഇറങ്ങി ചന്ദ്രനെ സ്റ്റ്രെച്ചർ ബോർഡിൽ സുരക്ഷിതമായി ബന്ധിച്ച് കയറിന്റെ സഹായത്തോടെ മുകളിലേക്കു ഉയർത്തി രക്ഷപ്പെടുത്തി.




