ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച വൈകിട്ട് മൂന്നരയ്ക്ക് ലോക്ഭവനിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, സംസ്ഥാനത്ത് സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഫലം പ്രഖ്യാപിച്ച് നാലാം ദിവസവും തുടരുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും കേവലഭൂരിപക്ഷത്തിനാവശ്യമായ അംഗബലം ലഭിക്കാത്തത് ടിവികെയെയും വിജയിനെയും പ്രതിസന്ധിയിലാക്കുകയാണ്. സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് വിജയ് ബുധനാഴ്ചയും വ്യാഴാഴ്ചയും ഗവർണറെ കണ്ടിരുന്നു. എന്നാൽ 118 എംഎൽഎമാരുടെ പിന്തുണ രേഖാമൂലം തെളിയിച്ചാൽ മാത്രമേ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കൂ എന്ന നിലപാടിലാണ് ഗവർണറെന്നാണ് വിവരം.
234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനായി 118 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. വിജയ് ജയിച്ച രണ്ട് മണ്ഡലങ്ങൾ ഉൾപ്പെടെ ടിവികെയ്ക്ക് 108 സീറ്റുകളാണുള്ളത്. അഞ്ച് സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് ഇതിനകം ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ, ഗവർണറുടെ നിലപാടിനെതിരെ ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനിടയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സർക്കാർ രൂപവത്കരിക്കാനുള്ള അവസരം വിജയിന് നൽകണമെന്നാവശ്യപ്പെട്ട് തിരുപ്പൂരിൽ നിന്നുള്ള ടിവികെ പ്രവർത്തകർ ലോക്ഭവന് മുന്നിൽ പ്രതിഷേധവും നടത്തി.






