ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. ലാഹോറിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള ദേര ഗാസി ഖാൻ മേഖലയിലാണ് സംഭവം നടന്നത്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.
അപകടത്തിൽ 14 വിദ്യാർഥികൾക്കും ഒരു അധ്യാപകനും പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പഞ്ചാബ് എമർജൻസി സർവീസായ റെസ്ക്യൂ 1122യുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പാകിസ്ഥാനിലെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ദുഃഖം രേഖപ്പെടുത്തി.






