ദുബായ്: റെക്കോർഡ് ലാഭം നേടിയതിനെ തുടർന്ന് ജീവനക്കാർക്ക് വമ്പൻ ബോണസ് പ്രഖ്യാപിച്ചു വിമാന കമ്പനിയായ എമിറേറ്റ്‌സ്. 2025-26 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭമാണ് കമ്പനി സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി 1.3 ലക്ഷത്തിലധികം ജീവനക്കാർക്ക് ഏകദേശം അഞ്ച് മാസത്തെ ശമ്പളത്തിന് തുല്യമായ ബോണസാണ് നൽകുന്നത്.
യുഎസ്- ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ കാരണം വ്യോമഗതാഗത രംഗം വലിയ വെല്ലുവിളി നേരിട്ട സമയത്തും ജീവനക്കാർ കഠിനാധ്വാനം ചെയ്ത് സ്ഥാപനത്തെ മുന്നോട്ട് നയിച്ചതിനുള്ള അംഗീകാരമായാണ് ബോണസ് പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു.
എമിറേറ്റ്‌സ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ അവരുടെ ധൈര്യത്തിനും ആത്മവിശ്വാസത്തിനും നന്ദി അറിയിച്ചു. കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം 24.4 ബില്യൺ ദിർഹമായി ഉയർന്നു. വരുമാനം 150.5 ബില്യൺ ദിർഹമായി.
ജീവനക്കാരുടെ എണ്ണം 1,30,919 ആയി വർധിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വർഷം മാത്രം 9,700-ലധികം പുതിയ നിയമനങ്ങൾ നടത്തിയതായും കമ്പനി അറിയിച്ചു. നിലവിൽ 72 രാജ്യങ്ങളിലെ 137 നഗരങ്ങളിലേക്ക് എമിറേറ്റ്‌സ് സർവീസ് നടത്തുന്നുണ്ട്. ദുബായിലെ വ്യോമയാന മേഖല ഇപ്പോൾ 6.3 ലക്ഷം തൊഴിലവസരങ്ങൾ നൽകുന്നുവെന്നും 2030ഓടെ ഇത് കൂടുതൽ ഉയരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.






