കണ്ണൂർ: ഭാര്യയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ. ആലക്കോട് ഫർലോങ്കര പെണ്ണാ ഹൗസിൽ പി.കെ. ഷിജുവിനെയാണ് (51) തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ് തോമസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണം.
2021 ജനുവരി 8-ന് രാത്രി പത്തോടെയായിരുന്നു കേസിനാധാരമായ സംഭവം. ആനക്കുഴി വെള്ളാട് ആലിച്ചേരി ഹൗസിൽ കുഞ്ഞമ്പുവിന്റെ മകൾ എ.കെ. നിഷയാണ് (39) ആക്രമണത്തിനിരയായത്. രണ്ട് വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന നിഷ കൂടെ താമസിക്കാൻ വരാത്തതിലുള്ള വിരോധത്തിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ആനക്കുഴിയിലെ മാതാപിതാക്കളുടെ വീട്ടിൽ കുട്ടികളോടൊപ്പം താമസിച്ചിരുന്ന നിഷയെ അവിടെയെത്തിയാണ് ഷിജു കത്തി ഉപയോഗിച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഷയ്ക്ക് ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രോസിക്യൂഷനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.






