മുംബൈ: ഇന്ത്യന്‍ ടി20 ടീമില്‍ അപ്രതീക്ഷിത അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. മോശം ഫോം തുടരുന്ന സൂര്യകുമാർ യാദവിന് പകരം ആദ്യം ശ്രേയസ് അയ്യരുടെ പേരിനായിരുന്നു മുൻതൂക്കം. എന്നാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാന്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്. ബിസിസിഐ ഉദ്യോഗസ്ഥര്‍ ശ്രേയസിനാണ് പിന്തുണ നല്‍കുന്നതെങ്കിലും ഗംഭീര്‍ സഞ്ജുവിന്റെ കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയയാണ്. ടി20 ടീമിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജുവിന് ഐപിഎലില്‍ രാജസ്ഥാനെ റോയല്‍സിനെ നയിച്ചുകൊണ്ടുള്ള മികച്ച റെക്കോഡുമുണ്ട്.
2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിൽ ചേർന്നതിന് ശേഷം സഞ്ജു സാംസൺ മികച്ച ബാറ്റിംഗ് ഫോം ആണ് പുറത്തെടുത്തത്. നിലവിൽ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലാണ് സഞ്ജു. 2028 ലോകകപ്പും ഒളിംപിക്‌സും വരെ ക്യാപ്റ്റനായി തുടരാന്‍ 35കാരനായ സൂര്യകുമാര്‍ യാദവ് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സെലക്ടര്‍മാര്‍ക്ക് അനുകൂല നിലപാടല്ല ഉള്ളത്. രോഹിത് ശര്‍മ്മയുടെ വിരമിക്കലിന് ശേഷം ഇന്ത്യയെ നയിച്ച സൂര്യകുമാറിന് കീഴില്‍ ഒരു ടി20 പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ല. ഏഷ്യാ കപ്പില്‍ കിരീടം നേടുകയും ടി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുകയും ചെയ്തു.
ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടുമ്പോഴും സൂര്യയുടെ വ്യക്തിഗത ഫോമാണ് കടുത്ത തീരുമാനമെടുക്കാന്‍ സെലക്ടര്‍മാരെ നിര്‍ബന്ധിതരാക്കുന്നത്. ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി 10 മത്സരങ്ങളില്‍ നിന്ന് വെറും 195 റണ്‍സ് മാത്രമാണ് സൂര്യക്ക് നേടാനായത്. ശ്രേയസ് അയ്യർ നിലവിൽ പഞ്ചാബ് കിങ്സിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ടി20 ടീമിൽ സജീവമല്ല. 2023 ഡിസംബറിലാണ് ശ്രേയസ് അയ്യർ ഇന്ത്യക്കുവേണ്ടി അവസാനമായി ടി20 കളിച്ചത്. ഇത്രയും വലിയൊരു ഇടവേളയ്ക്ക് ശേഷം നേരിട്ട് നായകസ്ഥാനത്തേക്ക് എത്തുന്നതിൽ പ്രായോഗിക പ്രയാസങ്ങളുള്ളതായും ചൂണ്ടിക്കാട്ടുന്നുണ്ട്.






