തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളുടെ പേരിൽ ഉമ്മൻചാണ്ടി പോലുള്ള നേതാക്കളെ തെരുവിൽ വിചാരണ ചെയ്യരുതെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്ലക്സുകളുടെയോ വൈകാരിക പ്രചാരണങ്ങളുടെയോ അടിസ്ഥാനത്തിലല്ലെന്നും പാർട്ടിക്ക് അതിന്റെ സ്വന്തം നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഐസിസിയുടെ ഔദ്യോഗിക തീരുമാനം വരുന്നതിന് മുമ്പ് നടക്കുന്ന പ്രതിഷേധങ്ങളും പരസ്യപ്രചാരണങ്ങളും ശരിയല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അന്തിമ തീരുമാനം വന്നാൽ എല്ലാവരും അത് അംഗീകരിക്കുമെന്നും സിദ്ദിഖ് വ്യക്തമാക്കി.
കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ പാർട്ടിക്കായി ജീവിതം സമർപ്പിച്ച നേതാക്കളാണെന്നും അവരെ തമ്മിലടിപ്പിക്കുന്ന തരത്തിലുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായി നിലപാട് എടുക്കുന്ന നേതാവാണ് കെ.സി. വേണുഗോപാലെന്നും ജനാധിപത്യ ധ്വംസനത്തിനെതിരെ പോരാടുന്ന നേതാക്കളെ തെരുവിൽ അപമാനിക്കുന്നത് ശരിയല്ലെന്നും ടി. സിദ്ദിഖ് കൂട്ടിച്ചേർത്തു.






