ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായാണ് ചടങ്ങ് നടന്നത്. തമിഴ്നാട് ഗവർണർ ആർ എൻ രവി വിജയിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിജയിയുടെ കുടുംബാംഗങ്ങൾ, ടിവികെ പ്രവർത്തകർ, സിനിമാ താരങ്ങൾ തുടങ്ങിയവരുടെ വലിയ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു.
120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. വിജയിക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ പ്രഖ്യാപിച്ച മന്ത്രിസഭയിൽ കോൺഗ്രസ് അംഗങ്ങളില്ല. വിശ്വാസവോട്ടിന് ശേഷമായിരിക്കും കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിക്കുക എന്നാണ് വിവരം.
മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായി 29കാരിയായ സെൽവി എസ് കീർത്തന ശ്രദ്ധേയയായി. ശിവകാശി എംഎൽഎയായ കീർത്തന ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന പ്രത്യേകതയും നേടി. ടിവികെയുടെ പ്രായം കുറഞ്ഞ വനിതാ എംഎൽഎ കൂടിയായ കീർത്തന മുൻപ് രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു.






