ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് സൂപ്പർ സൺഡേ പോരാട്ടം. പോരാട്ടങ്ങള്‍ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ന് ആരാധകരെ കാത്തിരിക്കുന്നത് രണ്ട് വമ്പൻ പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ വൈകുന്നേരം 3:30-ന് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. രണ്ടാം മത്സരത്തിൽ രാത്രി 7:30-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും.
പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് ചെപ്പോക്കിലിറങ്ങുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ചെന്നൈ നിലവിൽ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. സഞ്ജു സാംസൺ ഫോമിലായാൽ കൂറ്റൻ സ്കോർ പ്രതീക്ഷിക്കാം. ക്യാപ്റ്റൻ റുതുരാജ് ട്രാക്കിലേക്ക് വന്നതും ചെന്നൈയ്ക്ക് ആശ്വാസമാണ്. പരിക്കിന്‍റെ നിഴലിലുള്ള എം.എസ്. ധോണി ഇന്ന് കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
പത്ത് മത്സരങ്ങളിൽ ഏഴിലും തോറ്റ ലക്നൗവിന് ഓരോ മത്സരവും നിർണ്ണായകമാണ്. റിഷഭ് പന്ത്, മിച്ചൽ മാർഷും നിക്കോളാസ് പൂരൻ എന്നിവർ ബാറ്റിംഗിൽ തിളങ്ങിയാൽ ചെന്നൈയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ ലക്നൗവിന് സാധിക്കും. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സിന് തകര്‍ത്ത് രണ്ടാം സ്ഥാനത്തേക്ക് കയറിയതോടെ പ്ലേ ഓഫ് പോരാട്ടം വീണ്ടും കടുത്തു. അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാന്‍റെ വരാനിരിക്കുന്ന മത്സരങ്ങളിലെ ഫലം കൂടി ആശ്രയിച്ചു മാത്രമെ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് മുന്നേറാനാവു. ലക്നൗവിനാകട്ടെ എല്ലാ മത്സരങ്ങളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ല.






