തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ ആരോപിച്ചു. മന്ത്രി പ്രകടനം നയിച്ചത് അസാധാരണ സംഭവമാണെന്നും അക്രമികളെ പിന്തിരിപ്പിക്കാൻ മന്ത്രി ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസും പൊലീസും ചേർന്ന് അഴിഞ്ഞാട്ടം നടത്തിയെന്നാണ് എം.വി. ജയരാജന്റെ ആരോപണം. രാത്രി 7.45ഓടെയാണ് യൂത്ത് കോൺഗ്രസ് മാർച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപത്തുനിന്ന് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈയിലുണ്ടായിരുന്ന പന്തം ഹോസ്റ്റലിലേക്ക് എറിഞ്ഞെന്നും ഇത് മന്ത്രി തടഞ്ഞില്ലെന്നും എം.വി. ജയരാജൻ ആരോപിച്ചു.
ബുധനാഴ്ച രാത്രിയാണ് എസ്എഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരും തമ്മിൽ തലസ്ഥാനത്ത് സംഘർഷമുണ്ടായത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിനിടെ യൂണിവേഴ്സിറ്റി കോളേജിൽനിന്ന് കല്ലേറുണ്ടായതാണ് സംഘർഷത്തിന് തുടക്കമായത്. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളേജിലേക്ക് തീപ്പന്തം എറിഞ്ഞു. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.



