ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ ചരക്ക് കപ്പലിൽ ഉണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ ജീവനക്കാരൻ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ദുബായിൽ ഇന്ത്യൻകോൺസുലേറ്റ്. അപകടത്തിൽ നാല് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത തടികൊണ്ടുള്ള ചരക്ക് കപ്പലിന് വെള്ളിയാഴ്ച രാത്രിയാണ് തീപിടിച്ചത്. തീ വേഗത്തിൽ പടർന്നതിനെ തുടർന്ന് കപ്പൽ കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരെ സമീപം കടന്നുപോയ മറ്റൊരു കപ്പൽ രക്ഷപ്പെടുത്തി.
പരിക്കേറ്റ നാല് പേരെയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നുണ്ടെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
രക്ഷപ്പെട്ട ജീവനക്കാരുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയതായും അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.കപ്പലിന്റെ ഉടമകളുമായി കോൺസുലേറ്റ് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, രക്ഷപ്പെട്ട ജീവനക്കാർക്കും പരിക്കേറ്റവർക്കും ആവശ്യമായ നിയമപരവും മാനുഷികവുമായ സഹായങ്ങൾ ഉറപ്പാക്കുമെന്നും അറിയിച്ചു.






