റായ്‌പുർ: ഐപിഎലിൽ ഇന്ന് സൂപ്പർ സൺഡേ പോരാട്ടം. രാത്രി 7:30-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും. ജയിച്ചാൽ 14 പോയിന്റോടെ ആർസിബിക്ക് ഒന്നാം സ്ഥാനത്തെത്താം. തോറ്റാൽ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താകും. പ്ലേ ഓഫ് ഉറപ്പിക്കാൻ വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, ടിം ഡേവിഡ് എന്നിവരടങ്ങിയ ബാറ്റിംഗ് നിരയിലാണ് ആർസിബിയുടെ പ്രതീക്ഷ. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തോൽവി തിരിച്ചടിയായേക്കും. ഭുവനേശ്വർ കുമാറും ജോഷ് ഹെയ്‌സൽവുഡും നയിക്കുന്ന ബൗളിംഗ് നിരയിലും ടീമിന് പ്രതീക്ഷയുണ്ട്.
പത്തിൽ ഏഴ് മത്സരങ്ങളും തോറ്റ മുംബൈയ്ക്ക് ഇനി വരാനിരിക്കുന്ന മത്സരങ്ങൾ അഭിമാന പോരാട്ടങ്ങളാണ്. സൂര്യകുമാർ യാദവ്, ജസ്‌പ്രീത് ബുംറ, ട്രെന്‍റ് ബോൾട്ട് എന്നിവരുടെ മോശം ഫോം തിരിച്ചടിയാണ്. പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ്മയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രോഹിത് ശർമയും റയാൻ റിക്കിൾട്ടനും മികച്ച തുടക്കം നൽകിയാൽ മാത്രമേ മുംബൈയ്ക്ക് വിജയപ്രതീക്ഷയുള്ളൂ.






