എറണാകുളം: അങ്കമാലിയിൽ വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ രാജേഷിനെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപം ശനിയാഴ്ചയാണ് സംഭവം നടന്നത്.
മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിവരം. പെൺകുട്ടിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ രാജേഷിനെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
പ്രതിയെ കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾ കേരളത്തിലെത്തിയത് എപ്പോഴാണെന്നും എവിടെയാണ് ജോലി ചെയ്യുന്നതെന്നും പരിശോധിച്ചുവരികയാണ്. മറ്റ് ക്രിമിനൽ കേസുകളുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.






