ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന പാതയ്ക്ക് സമീപത്ത് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. കഗ്ഗാലിപുരയിലെ താത്തഗുനിക്ക് സമീപത്തുനിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം പിറന്നാൾ ചടങ്ങിലും പങ്കെടുക്കാനായി മോദി ബെംഗളൂരുവിലെത്തുന്നതിനിടെയായിരുന്നു സംഭവം. പരിപാടി നടക്കുന്ന കേന്ദ്രത്തിലേക്കുള്ള വഴിയോടു ചേർന്ന സ്ഥലത്താണ് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോരമംഗലയ്ക്ക് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. എച്ച്എഎൽ മേഖലയിലും ആർട്ട് ഓഫ് ലിവിങ് സെന്ററിനും സമീപം സ്ഫോടനം നടക്കുമെന്ന് ഇയാൾ രാവിലെ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വഴി അറിയിച്ചിരുന്നുവെന്നാണ് വിവരം.
ഇതിനെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ എച്ച്എഎൽ പരിസരത്ത് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. എന്നാൽ ആർട്ട് ഓഫ് ലിവിങ് സെന്ററിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴിയരികിലെ കോമ്പൗണ്ട് മതിലിനോട് ചേർന്ന് ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.






