കൊച്ചി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജികളിൽ കാരണം വ്യക്തമാക്കിയില്ലെന്നതിന്റെ പേരിൽ മാത്രം കുടുംബ കോടതികൾക്ക് വിവാഹമോചനം നിഷേധിക്കാനാകില്ലെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ഇത്തരം വിധികൾ വിവാഹത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായ ദാമ്പത്യ സ്നേഹത്തെയും ജീവന്റെ സംരക്ഷണത്തെയും ദുർബലപ്പെടുത്തുന്നതാണെന്ന് സമിതി അഭിപ്രായപ്പെട്ടു. വ്യക്തികളുടെ അവകാശങ്ങൾ മാത്രം മുൻനിർത്തുന്ന സമീപനം പോരെന്നും, കുടുംബബന്ധങ്ങളുടെയും കുട്ടികളുടെ അവകാശങ്ങളുടെയും സംരക്ഷണവും ഒരുപോലെ പ്രാധാന്യമുള്ളതാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
വിവാഹമോചന കേസുകളിൽ കുട്ടികളുടെ മാനസികവും സാമൂഹികവുമായ സുരക്ഷ ഗൗരവത്തോടെ പരിഗണിക്കപ്പെടണമെന്നും പ്രോലൈഫ് സമിതി വ്യക്തമാക്കി. സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ, പ്രസിഡന്റ് ജോൺസൺ ചൂരെപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ എന്നിവർ ചേർന്നാണ് പ്രതികരണം നടത്തിയത്.






