റാന്നി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 13 വയസ്സുകാരിയിൽ നിന്ന് ഭീഷണിപ്പെടുത്തി ചിത്രങ്ങൾ വാങ്ങി ബ്ലാക്മെയിൽ ചെയ്ത കേസിൽ ഒരാളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാർ (36) ആണ് പിടിയിലായത്.
2025 സെപ്റ്റംബറിലാണ് പ്രതി പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. പിന്നീട് സ്ഥിരമായി ചാറ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തി അർധനഗ്ന ചിത്രങ്ങൾ കൈപ്പറ്റുകയും ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇടുക്കിയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന രാജേഷ് കുമാർ ഏറെക്കാലമായി കുടുംബത്തിൽ നിന്ന് അകന്ന് കഴിയുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ ഒരു യുവാവിന്റെ ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി ഉപയോഗിച്ചും റീലുകൾ പോസ്റ്റ് ചെയ്തുമാണ് ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി.
പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും നാല് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൂടുതൽ പെൺകുട്ടികളെ ഇയാൾ ഇതേ രീതിയിൽ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്.ഐ. എസ്. സിബി, പോലീസ് ഉദ്യോഗസ്ഥരായ അഭിനന്ദ്, ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






