അജ്മീർ: പ്രശസ്തമായ അജ്മീർ ദർഗയിൽ യുവാവിന് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദിവസേന പതിനായിരക്കണക്കിന് വിശ്വാസികൾ എത്തുന്ന ദർഗയിലെ പ്രസാദ പാത്രമായ ‘ബഡി ദേഗ്’ സമീപത്താണ് സംഭവം നടന്നത്.
ശനിയാഴ്ച നടന്ന സംഭവത്തിൽ, പാത്രത്തിന് സമീപത്തേക്ക് എത്തിയ യുവാവിനെ ദർഗയിലെ ചില ജീവനക്കാർ ചേർന്ന് ‘ബഡി ദേഗ്’ പാത്രത്തിനുള്ളിലേക്ക് തള്ളിയിട്ട് മർദ്ദിക്കുന്നതും പിന്നീട് പുറത്തേക്ക് വലിച്ചിഴക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിന്നാലെ പാത്രത്തിന് പുറത്തുവച്ചും നിരവധി പേർ ചേർന്ന് യുവാവിനെ മർദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ ദർഗ അധികൃതരുടെയോ പൊലീസിന്റെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.






