അടികൾക്കും തർക്കങ്ങൾക്കും ഒരുകാലത്തും ഒരു പഞ്ഞവുമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് നടക്കുന്ന കോലാഹലങ്ങൾക്കാണല്ലോ കേരളമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇനി ഇത് തീരുമാനമായാൽ തന്നെ അടുത്തത് മന്ത്രിസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള പോര് തലപൊക്കും. ജനാധിപത്യത്തിന്റെ സൗന്ദര്യമാണിതെല്ലാം എന്നാണ് കോൺഗ്രസ് പ്രവർത്തകർ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്തായാലും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കാര്യത്തിൽ ഒതുങ്ങുന്നതല്ല ഈ അടിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് വരുന്നത്. സംഗതി മറ്റൊന്നുമല്ല, പാർട്ടിക്കുള്ളിൽ, പ്രത്യേകിച്ച് തലപ്പത്ത് വലിയ അഴിച്ചുപണികൾ നടക്കുമെന്നത് ഉറപ്പാണ്. അപ്പോൾ മാറിവരുന്ന സ്ഥാനങ്ങൾ നേടിയെടുക്കാനാകും നേതാക്കൾക്കിടയിലെ പുതിയ പോര്. അത് തുടങ്ങിയെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
കെപിസിസി അധ്യക്ഷസ്ഥാനം തനിക്ക് നൽകണമെന്ന അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്ത് വന്നതാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയിൽ, പാർട്ടിയിലെ തന്റെ സീനിയോറിറ്റി പരിഗണിച്ച് അധ്യക്ഷസ്ഥാനത്തിന് താൻ അർഹനാണെന്ന് അദ്ദേഹം ഖാർഗെയെ ബോധിപ്പിച്ചു. പലതവണ അർഹതയുണ്ടായിട്ടും തന്നെ തഴഞ്ഞതായും പരിഗണിക്കാതെ മാറ്റിവെച്ചതായും അദ്ദേഹം കൂടിക്കാഴ്ചയിൽ പരാതിപ്പെട്ടുവത്രേ.
സംസ്ഥാനത്തെ സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് കൈവരിച്ച മികച്ച വിജയവും തന്റെ അവകാശവാദത്തിന് ആധാരമായി കൊടിക്കുന്നിൽ ഉയർത്തിക്കാട്ടുന്നു. കേരളത്തിലെ 16 സംവരണ സീറ്റുകളിൽ 11 എണ്ണത്തിലും യുഡിഎഫ് വിജയിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കെ കൊടിക്കുന്നിൽ സുരേഷിന്റെ ഈ നീക്കം ഹൈക്കമാൻഡിന് മുന്നിൽ പുതിയ സമവാക്യങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇനി ഈ പ്രശ്നം തീർക്കാൻ എത്ര ചർച്ചകളും സമവായങ്ങളും വേണ്ടിവരും എന്നതാകും ഹൈക്കമാൻഡിന്റെ പുതിയ തലവേദന.
നിലവിലെ അധ്യകഷൻ സണ്ണി ജോസഫ് മന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഒഴിവുവരുന്ന കെപിസിസി അധ്യക്ഷസ്ഥാനത്തിനായി കോൺഗ്രസ് എംപിമാർക്കിടയിൽ ചരടുവലി നടക്കുന്നുണ്ടെന്നത് ഇതോടെ വ്യക്തമായിരിക്കുകയാണ്. നേരത്തെ, ബെന്നി ബെഹനാനെ പരിഗണിക്കുന്നു എന്ന തരത്തിലായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ അങ്ങനെ സ്മൂത്തായ, ഏകകണ്ഠമായൊരു തീരുമാനം കോൺഗ്രസിന് ഒരു കാര്യത്തിലും എടുക്കാനാവില്ലെന്നത് വ്യക്തം. കൊടിക്കുന്നിൽ സുരേഷിന് പുറമെ ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നിവരാണ് പ്രധാനമായും രംഗത്തുള്ളത്. ഇവരെല്ലാവരും പ്രതീക്ഷയിൽ തന്നെയാണ്. രാഹുൽ ഗാന്ധിക്ക് ശേഷം കേരളത്തിൽ ഏറ്റവുമധികം ജനക്കൂട്ടത്തെ ആകർഷിക്കുന്ന ‘ക്രൗഡ് പുള്ളർ’ എന്ന നിലയിൽ ഷാഫി പറമ്പിലിനെ അധ്യക്ഷനാക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ചില സാമുദായിക താൽപര്യങ്ങളും ഇതിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നുണ്ട്.
യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം പദവികളൊന്നും ലഭിക്കാത്തതും സീനിയോറിറ്റിയും ബെന്നി ബഹനാൻ അനുകൂലികൾ ചൂണ്ടിക്കാട്ടുമ്പോൾ, കഴിഞ്ഞ തവണ അവസാന നിമിഷം കൈവിട്ടുപോയ അധ്യക്ഷപദവി ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആന്റോ ആന്റണി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിച്ച ശേഷമായിരിക്കും ഹൈക്കമാൻഡ് കെപിസിസി അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അതിനാൽ തന്നെ അടിയുണ്ടാക്കാനും ചരടുവലികൾ നടത്താനും അടിയൊഴുക്കുകൾ നിയന്ത്രിക്കാനും നേതാക്കൾക്ക് ആവശ്യത്തിന് സമയമുണ്ട്.
കൊടിക്കുന്നിൽ സുരേഷിനെ ഇത്തവണ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുമോ അതോ സാമുദായിക സന്തുലനം മുൻനിർത്തി മറ്റാരെങ്കിലും എത്തുമോ എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതിനു മുൻപ് പല പ്രമുഖ നേതാക്കളുടെയും പേര് ഉയർന്നു കേട്ടെങ്കിലും, ദലിത് വിഭാഗത്തിൽ നിന്നുള്ള ഒരു നേതാവിനെ താക്കോൽ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ മാറ്റത്തിന് തുടക്കമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുപോലെ, എല്ലാ സാമുദായിക-ജാതി സമവാക്യങ്ങളേയും തൃപ്തിപ്പെടുത്തി മാത്രമേ കോൺഗ്രസിന് മുന്നോട്ട് പോകാനാവൂ എന്നതും യാഥാർത്ഥ്യം. ഇതെല്ലാം മുന്നോട്ടുള്ള ഓരോ തീരുമാനത്തേയും സ്വാധീനിക്കും. ജനാധിപത്യത്തിന്റെ സൗന്ദര്യം നമുക്ക് കൂടുതൽ ആസ്വദിക്കാം.






