തിരുവനന്തപുരം: അയൽവാസിയായ കിടപ്പുരോഗിയെ ആക്രമിക്കുന്നത് തടഞ്ഞ യുവാവിനെ ക്രൂരമായി മർദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഒരാളെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം പനത്തുറ വടക്കേ കൂനംതുറുത്തി സ്വദേശിയായ ഹരി (34) ആണ് അറസ്റ്റിലായത്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ പാച്ചല്ലൂർ സ്വദേശി സുരേഷ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 3.30ഓടെയാണ് സംഭവം നടന്നത്. അയൽവാസിയായ കിടപ്പുരോഗിയെ ഹരി ആക്രമിക്കുന്നത് കണ്ടപ്പോൾ സുരേഷ് ഇടപെട്ടു തടയാൻ ശ്രമിച്ചു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. തുടർന്ന് ഹരി കൈവശം ഉണ്ടായിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് സുരേഷിന്റെ തലക്കും മുഖത്തും ക്രൂരമായി മർദിച്ചു.
പിന്നാലെ നിലത്തിട്ട് വലിച്ചിഴക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ തിരുവല്ലം സ്റ്റേഷനിൽ നേരത്തെ തന്നെ വിവിധ കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ കോവളം, തിരുവല്ലം സ്റ്റേഷനുകളിലായി അഞ്ച് ഓളം ആക്രമണ കേസുകളും ഇയാളുടെ പേരിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ നിയമനടപടികൾ തുടരുകയാണ്.






