കൊച്ചി: ലക്ഷദ്വീപ് ടൂറിസത്തിന് ഇനി വിമാനവേഗം. സീ പ്ലെയ്ൻ സർവീസിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ വിജയം കണ്ടു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന അനേകം പദ്ധതികളാണ് ദ്വീപ് ഭരണകൂടം നടപ്പിലാക്കുന്നത്. പ്രകൃതിസൗന്ദര്യം ആവോളമുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും കർശന നിയമങ്ങളുടെ നൂലാമാലകളും മൂലം രാജ്യത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനമുറപ്പിക്കാൻ കഴിയാതിരുന്നിടത്ത് നിന്ന് ഉയിർത്തെഴുന്നേൽക്കുകയാണ് ലക്ഷ്യം. 2024 ജനുവരിയിൽ പ്രഖ്യാപിച്ച സീ പ്ലെയ്ൻ പദ്ധതിക്കായി വിവിധ ദ്വീപുകളിൽ രണ്ടു വർഷം കൊണ്ടുതന്നെ വാട്ടർഡ്രോം സൗകര്യമൊരുക്കാനും പദ്ധതി പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിക്കാനും.
ദ്വീപിലേക്കുള്ള യാത്രാനുമതിക്ക് ഉണ്ടായിരുന്ന കർശന വ്യവസ്ഥകൾ, ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, മദ്യം വിളമ്പുന്നതിലെ വിലക്ക് തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ ഏതാനും മാസങ്ങൾക്കുള്ളിൽ ഊർജിത ശ്രമങ്ങളും ശക്തമായ തീരുമാനങ്ങളും ഉണ്ടായി. 2022 വരെ പ്രതിവർഷം 10,000 വിനോദസഞ്ചാരികളിൽ താഴെ മാത്രമാണു ദ്വീപ് സന്ദർശിച്ചിരുന്നതെങ്കിൽ 2023ൽ ഇത് 46,000 പേരായി ഉയർന്നിരുന്നു. ഇനിയും വർധിക്കും. കൊച്ചിക്ക് പുറമെ കോഴിക്കോട് ബേപ്പൂരിൽ നിന്ന് ദ്വീപിലേക്ക് കപ്പൽ സർവീസും പരിഗണിക്കുന്നുണ്ട്.






