വാഷിങ്ടൺ: നിലവിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇറാൻ കരാർ അംഗീകരിക്കുകയോ അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമോയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മൂന്ന് ദിവസത്തെ ചൈനീസ് സന്ദർശനത്തിന്റെ അവസാനഘട്ടത്തിൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.
ഇറാൻ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണെന്നും അവർക്ക് കരാറിലേക്കെത്താനോ അല്ലെങ്കിൽ തകർച്ച നേരിടാനോ മാത്രമേ വഴിയുള്ളുവെന്നും ട്രംപ് പറഞ്ഞു. ഇറാൻ വിഷയത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് ട്രംപ് വീണ്ടും ഇത്തരമൊരു പരാമർശം നടത്തിയത്.
ഇറാൻ ആണവായുധം കൈവശം വയ്ക്കുന്നത് അനുവദിക്കില്ലെന്ന നിലപാടും ട്രംപ് ആവർത്തിച്ചു. അമേരിക്കയ്ക്ക് ആവശ്യമായ സഹായം നൽകാൻ താൽപര്യമുണ്ടെന്ന് ഷീ ജിൻപിങ് അറിയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് ചൈനയും ആഗ്രഹിക്കുന്നില്ലെന്നാണ് തന്റെ വിശ്വാസമെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ ഖാർഗ് ദ്വീപിനെ വളരെ വേഗത്തിൽ നിർവീര്യമാക്കാൻ അമേരിക്കയ്ക്ക് കഴിവുണ്ടെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ന്‍ അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




