റിയാദ്: സൗദി അറേബ്യയിൽ ജോലിസ്ഥലത്ത് ഇടിമിന്നലേറ്റ് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ അമർനാഥ് (41) ആണ് മരിച്ചത്. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിനിൽ വർഷങ്ങളായി ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
നഗരത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള മരുഭൂമിപ്രദേശത്ത് ആടുകളെ മേയിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശക്തമായ ഇടിമിന്നലിനിടെയാണ് അമർനാഥിന് മിന്നലേറ്റത്. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഹഫർ അൽ ബാതിൻ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം ലക്നൗ വിമാനത്താവളത്തിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറി. സ്വദേശത്ത് സംസ്കാരവും നടത്തി. ഭാര്യ ദുർഗാവതിയും മകൾ ശീതളുമാണ് അമർനാഥിന്റെ കുടുംബാംഗങ്ങൾ.
കഴിഞ്ഞ ഒരു മാസത്തിനിടെ ഹഫർ അൽ ബാതിൻ മേഖലയിലെ മരുഭൂമിയിൽ ഇടിമിന്നലേറ്റ് മരിക്കുന്ന മൂന്നാമത്തെ ആട്ടിടയനാണ് അമർനാഥ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന അപകടങ്ങൾ പ്രവാസികൾക്കിടയിൽ ആശങ്ക ഉയർത്തുന്നുണ്ട്.






