ലഖ്നൗ: ഉത്തർപ്രദേശിൽ അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയും ശക്തമായ കാറ്റും വ്യാപക നാശനഷ്ടത്തിന് ഇടയാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 117 പേർ മരിക്കുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾ തകർന്നു. നൂറുകണക്കിന് മരങ്ങളും വൈദ്യുതത്തൂണുകളും കടപുഴകി വീണു. പല പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടാണ് നിരവധി പേർ മരണപ്പെട്ടത്. അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. വിവിധയിടങ്ങളിലായി 114 വളർത്തുമൃഗങ്ങളും ചത്തതായി റിപ്പോർട്ടുണ്ട്.
ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത് പ്രയാഗ്രാജ് ജില്ലയിലാണ്. ഇവിടെ 21 പേർ മരിച്ചു. ബദോഹിയിൽ 18 പേരും മിർസാപൂരിൽ 15 പേരും ഫത്തേപൂരിൽ 10 പേരും മരിച്ചു. മറ്റ് ജില്ലകളിലും മരണവും നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെയാണ് സംസ്ഥാനത്ത് കാലാവസ്ഥ പെട്ടെന്ന് മാറിയത്. മരങ്ങൾ വീണ് നിരവധി വാഹനങ്ങൾ തകരുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതർക്കാവശ്യമായ സഹായങ്ങൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.






