ഫ്ലോറിഡ: ഹന്റാവൈറസ് ആശങ്കകൾക്കിടെ കരീബിയൻ ക്രൂസ് കപ്പലിൽ നോറോ വൈറസ് ബാധയും റിപ്പോർട്ട് ചെയ്തു. കരീബിയൻ പ്രിൻസസ് എന്ന വിനോദസഞ്ചാര കപ്പലിലെ നൂറിലധികം യാത്രക്കാരിലും ജീവനക്കാരിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കപ്പലിലുണ്ടായിരുന്ന 3,116 യാത്രക്കാരിൽ 102 പേർക്കും 13 ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചു. ഛർദ്ദി, വയറിളക്കം, ഓക്കാനം, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങളായി റിപ്പോർട്ട് ചെയ്തത്.
ഏപ്രിൽ 28-ന് ആരംഭിച്ച കരീബിയൻ യാത്ര മെയ് 11-ന് അവസാനിക്കാനിരിക്കെയാണ് രോഗവ്യാപനം കണ്ടെത്തിയത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിന് സമീപം സഞ്ചരിച്ചിരുന്ന കപ്പൽ ബഹാമസിലെ നസൗവിലേക്കാണ് യാത്ര തുടരുന്നതെന്നാണ് റിപ്പോർട്ട്.
രോഗബാധ സ്ഥിരീകരിച്ചിട്ടും യാത്ര തുടരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. കൂടുതൽ പേരിലേക്ക് വൈറസ് പടരാതിരിക്കാൻ കപ്പലിനുള്ളിൽ കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മലിനമായ ഭക്ഷണവും വെള്ളവുമാണ് നോറോ വൈറസ് പകരാനുള്ള പ്രധാന മാർഗങ്ങൾ. രോഗബാധിതർ സ്പർശിച്ച പ്രതലങ്ങളിലൂടെയും വൈറസ് വേഗത്തിൽ പടരാം. അടഞ്ഞ അന്തരീക്ഷമുള്ള ക്രൂസ് കപ്പലുകളിൽ രോഗനിയന്ത്രണം ഏറെ പ്രയാസകരമാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഹന്റാവൈറസ് പ്രധാനമായും എലികളിലൂടെ പകരുന്നതും ശ്വാസകോശത്തെ ബാധിക്കുന്നതുമാണ്. നോറോ വൈറസ് ദഹനവ്യവസ്ഥയെ ബാധിക്കുന്ന വൈറസായി കണക്കാക്കപ്പെടുന്നു.
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നതാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.തുടർച്ചയായി ക്രൂസ് കപ്പലുകളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആഗോള വിനോദസഞ്ചാര മേഖലയിലും ആശങ്ക വർധിപ്പിക്കുകയാണ്.






