മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതത്വത്തിൽ മുസ്‌ലിം ലീഗ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഭരണരൂപീകരണ ചർച്ചകൾ അനാവശ്യമായി നീളുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ജനവിധിക്ക് വിരുദ്ധമായ നിലപാടാണിതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. പത്തുവർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഈ വിജയത്തിന്റെ തിളക്കം കെടുത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
കഠിനമായ വേനൽ ചൂടിനെ പോലും അവഗണിച്ച് സാധാരണക്കാരായ പ്രവർത്തകർ ഒഴുക്കിയ വിയർപ്പിന്റെ ഫലമാണ് ഈ വിജയമെന്നും, എന്നാൽ അത് ആഘോഷിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു. ‘ഇതിനാണോ ഞങ്ങൾ വോട്ട് ചെയ്തത്’ എന്ന് വോട്ടർമാരും വനിതാ പ്രവർത്തകരും നേരിട്ട് ചോദിക്കുന്ന സാഹചര്യം നേതാക്കളെ പ്രതിരോധത്തിലാക്കുന്നുണ്ട്. പലയിടങ്ങളിലും ജനപ്രതിനിധികൾക്ക് നൽകേണ്ട സ്വീകരണ പരിപാടികൾ പോലും അനിശ്ചിതത്വത്തിലാണ്. പൊതുചടങ്ങുകളിൽ എത്തുമ്പോൾ ജനങ്ങൾ പരിഹാസത്തോടെയും അമർഷത്തോടെയുമാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ തീരുമാനങ്ങൾക്കായി ആഴ്ചകളോളം കാത്തിരിക്കുന്ന രീതി കേരളത്തിന് ചേർന്നതല്ലെന്നും ഉയർന്ന രാഷ്ട്രീയ ബോധമുള്ള കേരളീയർക്കിടയിൽ ഇത്തരം താമസം തെറ്റായ സന്ദേശം നൽകുമെന്നും ലീഗ് ഓർമിപ്പിച്ചു. മുഖ്യമന്ത്രി ആരാകണമെന്ന വിഷയത്തിലുള്ള നിലപാട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം പാർട്ടി ഉന്നതതല സംഘം എഐസിസി നിരീക്ഷകരെ നേരിട്ട് അറിയിച്ചിട്ടുണ്ട്.
ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എംപി, സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, ഹാരിസ് ബീരാൻ എംപി എന്നിവരടങ്ങുന്ന സംഘമാണ് ലീഗിന്റെ നിർദേശം ഹൈക്കമാൻഡിനെ അറിയിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും ലീഗ് അംഗീകരിക്കും, എന്നാൽ ആ തീരുമാനം ഒട്ടും വൈകരുത് എന്നതാണ് പാർട്ടിയുടെ ഉറച്ച നിലപാട്. യുഡിഎഫിനെ 100 സീറ്റിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാർട്ടിയെന്ന നിലയിൽ ഈ അനിശ്ചിതത്വം തുടരാൻ അനുവദിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ലീഗ് നൽകുന്നത്.






