ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള നടപടികളിലേക്ക് വിജയ് സർക്കാർ കടക്കുന്നു. വിദ്യാഭ്യാസം, യുവജനക്ഷേമം, തൊഴിൽ മേഖല എന്നിവയ്ക്ക് മുൻഗണന നൽകുന്ന നിരവധി പദ്ധതികളാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലെ പ്രധാന പദ്ധതികളിൽ ഒന്നായി സംസ്ഥാനത്തുടനീളം 100 ‘കാമരാജ് മോഡൽ’ റെസിഡൻഷ്യൽ സ്കൂളുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി കെ. കാമരാജിന്റെ സ്മരണാർത്ഥമാണ് ഈ സ്കൂളുകൾ തുടങ്ങുന്നത്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ അവരുടെ അമ്മമാർക്കോ രക്ഷിതാക്കൾക്കോ വർഷം തോറും 15,000 രൂപ സഹായധനം നൽകുമെന്നും സർക്കാർ അറിയിച്ചു. ഉന്നത പഠനത്തിനായി വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുമെന്നും വാഗ്ദാനമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയെ ശക്തിപ്പെടുത്താൻ പ്രത്യേക ഐടി മന്ത്രാലയം, എഐ സർവകലാശാല, എഐ സിറ്റി എന്നിവയും സ്ഥാപിക്കാനാണ് പദ്ധതി.
യുവജനങ്ങളുടെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനായി അഞ്ച് ലക്ഷം സർക്കാർ ജോലികൾ സൃഷ്ടിക്കുമെന്നും അത്രതന്നെ ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപ സഹായധനം നൽകാനും പദ്ധതി ഉണ്ട്. സംരംഭകർക്ക് ബിസിനസ് ലൈസൻസ് 21 ദിവസത്തിനകം നൽകുമെന്നും ഇതിലൂടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നുമാണ് സർക്കാരിന്റെ പ്രതീക്ഷ.
അതേസമയം, ഏകദേശം 10 ലക്ഷം കോടി രൂപയുടെ കടബാധ്യത നേരിടുന്ന സംസ്ഥാനത്ത് ഈ പദ്ധതികൾ എങ്ങനെ നടപ്പിലാക്കുമെന്നത് വലിയ വെല്ലുവിളിയായിരിക്കും. ഇതിനിടയിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക സുരക്ഷാ സേനകൾ എന്നിവ പ്രഖ്യാപിച്ച് വിജയ് സർക്കാർ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.






