ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ സോഹ്ന റോഡ് എക്സ്പ്രസ് വേയിൽ വീണ്ടും വൻ ഗർത്തം രൂപപ്പെട്ടു. സുഭാഷ് ചൗക്കിന് സമീപമുള്ള പ്രധാന പാതയിലാണ് ഏകദേശം 15 അടി താഴ്ചയുള്ള ഗർത്തം ഉണ്ടായത്. റോഡ് തകർന്ന ഭാഗത്തിന് താഴെ മലിനജലം ഒഴുകുന്നതായി പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.
റോഡിന് താഴെ ഒഴുകുന്ന മലിനജലം മാറ്റിനിർത്തുന്നതിനുള്ള ഡ്രെയിനേജ് സംവിധാനം കൃത്യമായി ആസൂത്രണം ചെയ്യാത്തതാണ് റോഡ് ഇടിഞ്ഞ് താഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഗതാഗത തിരക്ക് കുറഞ്ഞ സമയത്താണ് ഗർത്തം രൂപപ്പെട്ടത്. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്.
സംഭവത്തെ തുടർന്ന് ഈ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഗുരുഗ്രാമിലെ പ്രധാന എക്സ്പ്രസ് വേയുടെ ഭാഗം ഇടിഞ്ഞ് താഴ്ന്നത് ആസൂത്രണത്തിലും നിർമാണ മേൽനോട്ടത്തിലും ഉണ്ടായ ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധർ ആരോപിച്ചു.
സോഹ്ന റോഡ് എക്സ്പ്രസ് വേയിൽ മുൻപും സമാന രീതിയിൽ ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു. അന്ന് താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി സ്ഥിരപരിഹാരം നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. റോഡിന് അടിയിലൂടെ മലിനജലം ഒഴുകുന്നതായി നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും അധികൃതർ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.






