വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അവതരിപ്പിച്ച ‘ഗോൾഡ് കാർഡ്’ വിസ പദ്ധതിയോട് മുഖം തിരിച്ച് സമ്പന്നർ. നിയമപരമായ അനിശ്ചിതത്വവും സാമ്പത്തിക ആശങ്കകളും കാരണം പലരും ഈ പദ്ധതിയിൽ നിന്ന് പിൻമാറുകയാണെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ പറയുന്നു. സമ്പന്നരായ വിദേശികളെ അമേരിക്കയിലേക്ക് ആകർഷിക്കാനായി കഴിഞ്ഞ വർഷം ജൂണിലാണ് ട്രംപ് ഗോൾഡ് കാർഡ് പദ്ധതി അവതരിപ്പിച്ചത്. തുടർന്ന് സെപ്റ്റംബർ മാസത്തിൽ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പദ്ധതി പ്രാബല്യത്തിൽ വരുത്തുകയായിരുന്നു.
അമേരിക്കയിൽ അതിവേഗ സ്ഥിരതാമസം നേടാൻ കഴിയുന്ന ഈ പദ്ധതിക്ക് ഏകദേശം 1 മില്യൺ ഡോളർ (ഏകദേശം 9.53 കോടി രൂപ) ചെലവാണ് വരുന്നത്. കൂടാതെ അപേക്ഷ ഫീസായി 15,000 ഡോളറും അടയ്ക്കണം. എന്നാൽ, യുഎസ് കോൺഗ്രസ് പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ലാത്തത് വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. ഇതോടെ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
നിയമപരമായ തർക്കങ്ങളും നികുതി സംബന്ധമായ പ്രശ്നങ്ങളും കാരണം സമ്പന്നർ ഈ വിസ പദ്ധതിയിൽ നിന്ന് മാറിനിൽക്കുന്നതായി അഭിഭാഷകർ പറയുന്നു. ട്രംപിന്റെ കുടുംബവുമായി ബന്ധമുള്ള ചില അഭിഭാഷകർ പോലും ക്ലയന്റുകൾക്ക് ഈ പദ്ധതി നിർദേശിക്കാൻ മടിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അനിശ്ചിതത്വവും സാമ്പത്തിക അപകടസാധ്യതയും കാരണം ഈ വിസ പദ്ധതി സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പല ഇമിഗ്രേഷൻ വിദഗ്ധരും.






