ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപമുള്ള റേസ് കോഴ്സ് റോഡിലെ ചേരി ഒഴിപ്പിക്കാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി. ചേരിയിൽ താമസിക്കുന്നവരെ നിലവിലെ സ്ഥലത്തുനിന്ന് 45 കിലോമീറ്റർ അകലെയുള്ള സവ്ദ ഖേരയിലേക്ക് പുനരധിവസിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. സ്വമേധയാ ഒഴിഞ്ഞുപോകാൻ താമസക്കാർക്ക് രണ്ടാഴ്ചത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
ദില്ലി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചേരി പ്രദേശത്തെ താമസം അനധികൃതമാണെന്ന് കോടതി നിരീക്ഷിച്ചു. ദേശീയ സുരക്ഷയെ മുൻനിർത്തി കേന്ദ്രസർക്കാർ ഉന്നയിച്ച വാദങ്ങളിൽ അടിസ്ഥാനമുണ്ടെന്നും ഭരണപരമായ ഇത്തരം വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ പരിമിതമാണെന്നും കോടതി വ്യക്തമാക്കി.
സൈനിക കേന്ദ്രത്തിനും അതീവ സുരക്ഷാ മേഖലയ്ക്കും സമീപത്താണ് ചേരിയുള്ളതെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചു. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഈ പ്രദേശം സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
സവ്ദ ഖേരയിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് ഇതിനകം 700ഓളം പേർ മാറിയതായി കേന്ദ്രം അറിയിച്ചു. ഇവരിൽ 192 പേർക്ക് താമസപത്രം നൽകിയതായും 136 കുടുംബങ്ങൾ അനുവദിച്ച ഫ്ലാറ്റുകളിൽ താമസം ആരംഭിച്ചതായും കോടതിയെ അറിയിച്ചു.






