ന്യൂഡൽഹി: മുലായം സിംഗ് യാദവിൻ്റെ മകനായ പ്രതീക് യാദവ് (38) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ലഖ്‌നൗ സിവിൽ ആശുപത്രിയിലായിരുന്നു അന്ത്യം. പുലർച്ചെയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ സംഘം പ്രതീകിന്റെ വസതിയിലെത്തി. പരിശോധനയ്ക്കിടെ പ്രതികരണം ഇല്ലാതിരുന്നതിനാൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുകെയിലെ ലീഡ്‌സ് സർവകലാശാലയിൽ നിന്ന് എംബിഎ നേടിയ പ്രതീക് യാദവ് റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധേയനായിരുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങളെ പോലെ സജീവ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം എത്തിയിരുന്നില്ല. മുലായം സിങ് യാദവിന്റെയും രണ്ടാം ഭാര്യ സാധനാ ഗുപ്തയുടെയും ഇളയ മകനാണ് പ്രതീക്. അപർണ യാദവ് ആണ് ഭാര്യ. 2011-ലായിരുന്നു ഇരുവരുടെയും വിവാഹം.






