കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാന പ്രതികളായ നടൻ ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിക്കുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകുന്നത്. പ്രമുഖ സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവർ അതിജീവിതയ്ക്കായി ഹാജരാകുമെന്ന് ‘അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്’ അറിയിച്ചു.
നിയമപോരാട്ടത്തിന് പൊതുസമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്നും ധനസമാഹരണത്തിനായി ക്യുആർ കോഡും ട്രസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. അതിജീവിതയുടെ തീരുമാനത്തിന് വിമൻ ഇൻ സിനിമ കലക്ടീവ് പിന്തുണ പ്രഖ്യാപിച്ചു. നീതി ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ തുടരുമെന്ന് സംഘടന സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ അതിജീവിതയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പലതവണ ദുരുപയോഗം ചെയ്യപ്പെട്ടതായും അതിന്റെ ഹാഷ് വാല്യൂ മാറിയതായും ട്രസ്റ്റ് ആരോപിച്ചു. ഈ വിഷയത്തിൽ ഹൈക്കോടതി മുമ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും അന്വേഷണം കാര്യക്ഷമമായില്ലെന്ന പരാതിയും അതിജീവിതയ്ക്കുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പുതിയ റിട്ട് ഹർജിയും ഹൈക്കോടതിയിൽ നൽകും.
2017 ഫെബ്രുവരി 17നാണ് നടന്നത്. വർഷങ്ങൾ നീണ്ട വിചാരണയ്ക്ക് ശേഷം 2025 ഡിസംബർ എട്ടിനാണ് കോടതി വിധി പ്രസ്താവിച്ചത്. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേർക്ക് ശിക്ഷ ലഭിച്ചെങ്കിലും ഗൂഢാലോചനാ കേസിൽ പ്രതിയായിരുന്ന ദിലീപ് ഉൾപ്പെടെ നാലുപേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടിരുന്നു. ഈ വിധിക്കെതിരെ പ്രോസിക്യൂഷൻ നേരത്തെ അപ്പീൽ നൽകിയിരുന്നു.






