കണ്ണൂർ: കുറുമാത്തൂർ ചവനപ്പുഴയിൽ യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി. കര്യാപ്പത്ത് ചിത്രലേഖ (38) ആണ് മരിച്ചത്. മകളെ രക്ഷിക്കാൻ കിണറ്റിൽ ചാടിയ അമ്മ ലക്ഷ്മിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായിരുന്ന ലക്ഷ്മിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസിന്റെ വിവരമനുസരിച്ച്, ചിത്രലേഖയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നു. മുമ്പും ആത്മഹത്യാ ശ്രമത്തിനുള്ള പ്രവണത കാണിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് പുലർച്ചെ 5.30ഓടെയാണ് ചിത്രലേഖ കിണറ്റിൽ ചാടിയത്. മകളെ രക്ഷിക്കാൻ പിന്നാലെ അമ്മയും കിണറ്റിലിറങ്ങി. ഉച്ചയ്ക്ക് മൂന്നുമണിവരെ കിണറ്റിലെ കയറിൽ പിടിച്ചുനിന്ന നിലയിലായിരുന്നു ലക്ഷ്മി.
രാവിലെ മുതൽ ബന്ധുക്കളും അയൽക്കാരും ഇരുവരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. തുടർന്ന് ഉച്ചയ്ക്ക് മൂന്നോടെ വീട്ടിലെത്തി നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്. ചിത്രലേഖയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




