ചെന്നൈ:തമിഴ്‌നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ, വിവാദമായ ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി മുഖ്യമന്ത്രി വിജയ്. ജ്യോത്സ്യനായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഓഫീസറായി നിയമിക്കാനുള്ള തീരുമാനമാണ് സഖ്യകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും കടുത്ത പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയത്. ബുധനാഴ്ച രാവിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് ഭരണമുന്നണിയിൽ വിള്ളലുണ്ടാകാതിരിക്കാൻ വിജയ് ഈ നിർണ്ണായക തീരുമാനമെടുത്തത്.
തമിഴക വെട്രി കഴകത്തിന്റെ സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ), കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവർ നിയമനത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങ് പോലും മാറ്റിവെക്കാൻ നിർദ്ദേശിച്ചത് ഈ ജ്യോത്സ്യനാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വിവാദം കൂടുതൽ ശക്തമായി. ഒരു മതേതര സർക്കാരിൽ ജ്യോത്സ്യന് കാബിനറ്റ് പദവി നൽകുന്നത് യുവാക്കൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും ശാസ്ത്രീയ അവബോധം വളർത്തേണ്ട സർക്കാർ ഇത്തരം അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും വിസികെ നേതാക്കളും എംപി ശശികാന്ത് സെന്തിലും വ്യക്തമാക്കി. നിയമസഭയിൽ ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്തും ഈ വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ചു.
മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന രാധൻ പണ്ഡിറ്റ് വെട്രിവേൽ എഐഎഡിഎംകെ ഭരണകാലത്ത് നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയാണ്. എന്നാൽ ജയലളിതയുടെ ജയിൽവാസവുമായി ബന്ധപ്പെട്ട പ്രവചനം തെറ്റിയതോടെയാണ് അദ്ദേഹം പാർട്ടിയിൽ നിന്നും അകന്നത്. വെട്രിവേലിന്റെ നിയമനത്തെ ബിജെപി പിന്തുണച്ചപ്പോൾ, സഖ്യകക്ഷികൾക്കിടയിലെ അതൃപ്തി ഭരണത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് വിജയ് പിൻവാങ്ങിയത്. വിശ്വാസ വോട്ടെടുപ്പിലെ വിജയത്തിന് പിന്നാലെ സഖ്യകക്ഷികളെ ഒപ്പം നിർത്തുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടി ഈ നിയമനം റദ്ദാക്കിയതിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.






