കോട്ടയം: രാജ്യത്തെ 22 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവം ദേശീയ ദുരന്തമാണെന്ന് ജോസ് കെ മാണി പറഞ്ഞു. പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ എൻട്രൻസ് പരീക്ഷയായ നീറ്റ് കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയാത്തത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എൻടിഎ ആണ് പരീക്ഷ നടത്തിയത്. ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം എൻ.ടി.എ ഏറ്റെടുത്ത സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. രാജ്യത്ത് നടന്ന റെയിൽവേ ദുരന്തങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ച ലാൽ ബഹദൂർ ശാസ്ത്രിയേയും നിതീഷ് കുമാറിനേയും ധർമ്മേന്ദ്ര പ്രധാൻ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ രാജസ്ഥാൻ എസ്.ഒ.ജി കസ്റ്റഡിയിലെടുത്ത ദിനേഷ് ബിൻവാളിന് ബിജെപി ബന്ധമുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ബിജെപി നേതാക്കളോടൊപ്പം നിൽക്കുന്ന ദിനേഷ് ബിൻവാളിന്റെ ചിത്രങ്ങൾ കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ചതായും റിപ്പോർട്ടുണ്ട്.






