ന്യൂഡൽഹി:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ വർഷം 85.2 ശതമാനമാണ് വിജയം. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ ഇന്ത്യയിലും വിദേശത്തുമായി നടന്ന പരീക്ഷയുടെ ഫലമാണ് ഇന്ന് (മെയ് 13) പുറത്തുവന്നിരിക്കുന്നത്. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തിൽ മുന്നിൽ നിൽക്കുന്നത്.
വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കോർ കാർഡുകൾ പരിശോധിക്കുന്നതിനായി ബോർഡ് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ results.cbse.nic.in, cbse.gov.in, cbseresults.nic.in എന്നിവയ്ക്ക് പുറമെ results.gov.in വഴിയും ഫലം ലഭ്യമാണ്. വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ (DigiLocker), ഉമാങ് (UMANG) എന്നീ മൊബൈൽ ആപ്പുകൾ വഴിയും മാർക്ക് ലിസ്റ്റുകൾ ഡൗൺലോഡ് ചെയ്യാം. ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്തവർക്കായി എസ്എംഎസ് വഴിയും IVRS വഴിയും ഫലം അറിയാനുള്ള സൗകര്യം ബോർഡ് നൽകുന്നുണ്ട്.
കഴിഞ്ഞ വർഷങ്ങളിലെ രീതി പിന്തുടർന്ന് ഇത്തവണയും ഫലപ്രഖ്യാപനത്തിനായി പ്രത്യേകം പത്രസമ്മേളനങ്ങൾ ഒന്നും തന്നെ ബോർഡ് നടത്തിയിട്ടില്ല. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി കൃത്യമായ തീയതിയോ സമയമോ ബോർഡ് മുൻകൂട്ടി അറിയിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. മാർക്ക് ലിസ്റ്റുകൾക്കും സർട്ടിഫിക്കറ്റുകൾക്കുമായി വിദ്യാർത്ഥികൾക്ക് ഡിജിലോക്കർ സൗകര്യം പ്രയോജനപ്പെടുത്താം. വിജയിച്ച വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനുള്ള അപേക്ഷാ നടപടികൾ ഉടൻ ആരംഭിക്കാനാകും.






