കോഴിക്കോട്: പൂഴിത്തോട് വനമേഖലയിൽ ഡിജിറ്റൽ സർവേക്കായി പോയ ഏഴംഗസംഘം കാട്ടിൽ കുടുങ്ങി. നാല് സർവേയർമാരും മൂന്ന് ഫോറസ്റ്റ് വാച്ചർമാരുമാണ് സംഘത്തിലുള്ളത്. അരുൺ, ഭരത്, പ്രശാന്ത്, അഖിൽ എന്നിവർ സർവേയർമാരും രവി, ബാലൻ, ഷാരോൺ എന്നിവർ ഫോറസ്റ്റ് വാച്ചർമാരുമാണ്. ഇവർ കരിങ്കണ്ണി ചൂതുപാറയിലെ ഫോറസ്റ്റ് ബേസ് ക്യാമ്പിലേക്ക് മടങ്ങിയെത്തേണ്ടതായിരുന്നു. എന്നാൽ രാത്രി വൈകിയും സംഘം തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചു.
പ്രദേശത്ത് മൊബൈൽ ഫോൺ റേഞ്ചില്ലാത്തതിനാൽ സംഘവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. രാത്രി വൈകിയതോടെ തിരച്ചിൽ നിർത്തിവെച്ചെങ്കിലും വ്യാഴാഴ്ച രാവിലെ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി തിരച്ചിൽ വീണ്ടും ആരംഭിക്കുമെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എ.സി. സുധീന്ദ്രൻ അറിയിച്ചു.
കരിങ്കണ്ണി, കക്കയം, വയനാട് മേഖലകളിൽ നിന്ന് മൂന്ന് സംഘങ്ങളായി തിരച്ചിൽ നടത്താനാണ് തീരുമാനം. ആവശ്യമെങ്കിൽ പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും സഹായവും തേടുമെന്ന് അധികൃതർ അറിയിച്ചു. വയനാട് അതിർത്തിയോട് ചേർന്ന വനമേഖലയിലാണ് സർവേ നടന്നത്. ബുധനാഴ്ച രാവിലെ ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് കരിങ്കണ്ണി വഴി സംഘം വനത്തിലേക്ക് പോയിരുന്നു.
വൈകിട്ട് 3.56-നാണ് സംഘവുമായി അവസാനമായി ബന്ധപ്പെടാനായത്. അന്ന് പരുന്തുംപാറ ഭാഗത്തേക്ക് പോകുകയാണെന്ന് സംഘം അറിയിച്ചിരുന്നു. പിന്നീട് ബന്ധം നഷ്ടമായി. പ്രദേശം ഫോറസ്റ്റ് വാച്ചർമാർക്ക് പരിചിതമായതാണെങ്കിലും സംഘം വഴിതെറ്റിയിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം. രാത്രിയിലെ മഴയും ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യവും ആശങ്ക ഉയർത്തുന്നുണ്ട്.





