പാലക്കാട്: മേനോൻപാറയിലെ മലബാർ ഡിസ്ലറി പ്ലാന്റിൽ ‘മിന്നൽ മാജിക്’ ബ്രാൻഡിയുടെ പരീക്ഷണ ഉത്പാദനം ആരംഭിച്ചു. മേയ് 25ന് ശേഷം മദ്യം വിപണിയിലെത്തിക്കാനാണ് തീരുമാനം. അരലിറ്റർ കുപ്പിക്ക് 400 രൂപയായിരിക്കും വില. വിപണിയിൽ നല്ല പ്രതികരണം ലഭിച്ചാൽ പിന്നീട് ഒരു ലിറ്റർ കുപ്പികളിലും ഉത്പന്നം പുറത്തിറക്കും.
ആദ്യഘട്ടത്തിൽ പ്രതിദിനം 9,000 കെയ്സ് മദ്യം ഉത്പാദിപ്പിക്കാനാണ് പദ്ധതി. തുടക്കത്തിൽ പ്ലാന്റ് 70 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പിന്നീട് ഉത്പാദനം 13,500 കെയ്സായി ഉയർത്തും. അപ്പോൾ ദിവസേന 1.08 ലക്ഷം ലിറ്റർ മദ്യം ഉത്പാദിപ്പിക്കാനാകും. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പാണ് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. എന്നാൽ കെട്ടിട നിർമാണവും യന്ത്രങ്ങളുടെ സ്ഥാപിക്കലും പൂർത്തിയാകാത്തതിനാൽ ഉത്പാദനം വൈകി. ലൈസൻസ് പുതുക്കലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട അനുമതി വൈകിയതും തടസമായി.
മദ്യ ഉത്പാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൾക്കഹോൾ (ഇ.എൻ.എ.) രാജസ്ഥാനിൽ നിന്നാണ് എത്തിക്കുന്നത്. നിലവിൽ മൂന്ന് ലക്ഷം ലിറ്റർ ഇ.എൻ.എ. സ്റ്റോക്കുണ്ടെന്ന് അധികൃതർ അറിയിച്ചു. മുന്തിരി സ്പിരിറ്റും സ്റ്റോക്കിലുണ്ട്. കൂടുതൽ സ്പിരിറ്റ് മഹാരാഷ്ട്രയിൽ നിന്ന് ഉടൻ എത്തിക്കും. മലമ്പുഴ ജല അതോറിറ്റിയിൽ നിന്ന് ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചാണ് ഉത്പാദനം നടത്തുന്നത്. ദിവസേന ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ആവശ്യമായത്. മഴവെള്ള സംഭരണ പദ്ധതിക്ക് സർക്കാർ അനുമതി തേടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.






