തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുമായി ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക വിമാനത്തിൽ കെ.സി. വേണുഗോപാൽ ഇല്ലെന്ന വിവരം പുറത്തുവന്നു. കേരളത്തിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്, ഉത്തരാഖണ്ഡ് കോൺഗ്രസ് നേതാവ് സൂര്യകാന്ത് ദസ്മാന എന്നിവരാണ് വിമാനത്തിലുള്ളത്.
ഇവർ തിരുവനന്തപുരത്ത് എത്തുന്നതിന് മുമ്പ് തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയെ സംബന്ധിച്ച പ്രഖ്യാപനം ഡൽഹിയിൽ നിന്ന് ഉച്ചയോടെ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, കെ.സി. വേണുഗോപാൽ കേരളത്തിലേക്ക് എത്താത്തത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സാധ്യതകൾ കുറയുന്നതായാണ് രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നത്. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടിരുന്നു. ഇതിന് ശേഷമാണ് കേരളത്തിലേക്ക് പോകേണ്ടെന്ന തീരുമാനം ഉണ്ടായതെന്നാണ് വിവരം.






