ഇംഫാൽ: മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ വ്യാജ വിഷമദ്യം കഴിച്ച് 17 പേർ മരിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ 200 ഓളം പേരെ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്.
ഇംഫാലിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ചന്ദേൽ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് സംഭവം. വിഷമദ്യം കഴിച്ച് ആരോഗ്യനില മോശമായവരെ ഇംഫാലിലെ ലാംഫെൽപാട്ടിലുള്ള ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് വെള്ളിയാഴ്ച വൈകുന്നേരം ആശുപത്രികൾ സന്ദർശിച്ച ശേഷമാണ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ വിവരങ്ങളും പുറത്തുവിട്ടത്. ചക്പികരോങ് മേഖലയിൽ നിന്ന് മദ്യം കഴിച്ച് അസ്വസ്ഥത അനുഭവപ്പെടുന്നവർ ഉടൻ ചികിത്സ തേടണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു.
രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘത്തെയും ആവശ്യമായ മരുന്നുകളെയും ചന്ദേൽ ജില്ലയിലേക്ക് അയച്ചിട്ടുണ്ട്.
സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.
അതേസമയം, ദുരന്തത്തിന് കാരണമായ മദ്യം ചന്ദേൽ ജില്ലയിൽ നിർമ്മിച്ചതല്ലെന്നും സമീപത്തെ കാക്ചിംഗ് ജില്ലയിലെ സുഗ്നുവിൽ നിന്ന് എത്തിച്ചതാണെന്നും ചന്ദേൽ പോലീസ് സൂപ്രണ്ട് അറിയിച്ചു. ചന്ദേൽ ജില്ലയിൽ അനധികൃത മദ്യനിർമ്മാണം നടക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.


