തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തിന് ഒരു പ്രത്യേകതയുണ്ട്. ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരിയാണ്. 1986ലെ എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫാണ് ആ അപൂര്‍വതയ്ക്ക് അവസരമൊരുക്കിയത്.
സാധാരണഗതിയില്‍ ഫലപ്രഖ്യാപനം നടത്തുന്നത് വിദ്യാഭ്യാസ മന്ത്രിയാണ്. ഇത്തവണ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മന്ത്രിസഭ അധികാരത്തില്‍ എത്താന്‍ കാലതാമസം നേരിടുന്ന പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫലം പ്രഖ്യാപിച്ചത്. ഇതിനെ ഒരു നിയോഗമായാണ് കാണുന്നതെന്ന് ഷര്‍മിള മേരി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഫലം തനിക്ക് പ്രഖ്യാപിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു.
ഒപ്പം കുട്ടികള്‍ക്ക് ഉപദേശവും. നന്നായി പഠിക്കാനും ഫോക്കസ് ചെയ്ത് പഠിക്കാനുമായിരുന്നു കുട്ടികള്‍ക്കായി ഷര്‍മിള മേരി ജോസഫിന്റെ ഉപദേശം. സ്വപ്നം കാണാനും അത് നേടിയെടുക്കാനും പരിശ്രമിക്കാനും ഡോക്ടര്‍ ആയ ശേഷം എംഡി പഠിച്ച് കൊണ്ടിരിക്കേ ഐഎഎസ് കിട്ടിയ ഷര്‍മിള പറഞ്ഞു.




